ന്യൂയോര്‍ക്ക്: ചരിത്രം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ധനികന്‍ എന്ന വിശേഷണവുമായി പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ്.

ധനകാര്യമാധ്യമങ്ങളായ ഫോര്‍ബ്‌സിന്റെയും ബ്ലൂംബെര്‍ഗിന്റെയും മഹാകോടീശ്വരപട്ടികയില്‍ ബെസോസാണ് ഒന്നാമന്‍. ബ്ലൂംബെര്‍ഗിന്റെ കണക്കുപ്രകാരം 106 ബില്യണ്‍ ഡോളറാണ് (6.75 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ഫോര്‍ബ്‌സിന്റെ കണക്കില്‍ 105 ബില്യണും. ബെസോസിന്റെ ആസ്തിയില്‍ ഭൂരിഭാഗവും 7.9 കോടിയോളം വരുന്ന ആമസോണ്‍ ഓഹരിയില്‍ നിന്നാണ്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ പേരിലായിരുന്നു നേരത്തേ ഈ റെക്കോഡ്. 1999-ല്‍ ബില്‍ ഗേറ്റ്‌സിന് 100 ബില്യണ്‍ ഡോളര്‍ (6.3 ലക്ഷം കോടി രൂപ) ആസ്തിയുണ്ടായിരുന്നു. ഇപ്പോള്‍ 92 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ബില്‍ഗേറ്റ്‌സ് രണ്ടാം സ്ഥാനത്താണ്.

അതേസമയം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവാക്കിയില്ലായിരുന്നെങ്കില്‍ ബില്‍ഗേറ്റ്‌സ് തന്നെ ഇപ്പോഴും ഒന്നാമനായി നിലനില്‍ക്കുമായിരുന്നു എന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.