ബ്രസീലിയ: ആമസോൺ കാടുകളിലെ തീ നിയന്ത്രിക്കാൻ ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ സൈന്യത്തെ നിയോഗിച്ചു. അടിയന്തര ഇടപെടൽ നടത്തണമെന്ന് അന്താരാഷ്ട്രസമൂഹം സമ്മർദം ശക്തമാക്കിയതിനുപിന്നാലെയാണിത്.

കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്നും അതിന് ബ്രസീൽ ഭരണകൂടം പ്രോത്സാഹനം നൽകുകയാണെന്നും പരിസ്ഥിതിവാദികൾ ആരോപിക്കുന്നുണ്ട്. ആമസോൺ കാടുകളുമായുള്ള അതിർത്തിപ്രദേശങ്ങളിലേക്കും തദ്ദേശ ഗോത്രങ്ങൾ ജീവിക്കുന്നയിടങ്ങളിലേക്കും ശനിയാഴ്ച സൈന്യത്തെ വിന്യസിച്ചതായി ബൊൽസൊനാരോ അറിയിച്ചു.

“പരിസ്ഥിതിസംരക്ഷണ ഏജൻസികൾക്കും മറ്റുസുരക്ഷാവിഭാഗങ്ങൾക്കും ഒപ്പംചേർന്ന് സൈന്യം ശക്തമായ ഇടപെടൽ നടത്തും. ആമസോൺ കാടുകൾ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അക്കാര്യം ‍ഞങ്ങൾക്ക് ബോധ്യമുണ്ട്. ആമസോണിനെ അപകടത്തിലാക്കുന്ന വനനശീകരണവും ക്രിമിനൽപ്രവർത്തനങ്ങളും തടയാൻ വേണ്ട നടപടിയെടുക്കും” -ബൊൽസൊനാരോ പറഞ്ഞു.

ആമസോൺ കാടുകളുടെ സംരക്ഷണം ബ്രസീലിന്റെ സാമ്പത്തികവികസനത്തിന് തടസ്സമുണ്ടാക്കുന്നുവെന്നാണ് നേരത്തേ ബൊൽസൊനാരോ അഭിപ്രായപ്പെട്ടിരുന്നത്.

Content Highlights: Amazon fire: Brazil deploy troops