ജറുസലേം: ജറുസലേമിലെ വിശുദ്ധസ്ഥലത്ത് സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രയേല്‍ നീക്കിയെങ്കിലും മേഖലയിലെ സംഘര്‍ഷത്തിന് അയവുവന്നില്ല. അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥനനടത്താന്‍ ബുധനാഴ്ചയും പലസ്തീന്‍കാര്‍ തയ്യാറായില്ല.

അല്‍ അഖ്‌സയില്‍ ആയിരങ്ങള്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന വെള്ളിയാഴ്ച അനിഷ്ടസംഭവങ്ങള്‍ ഉണ്ടായേക്കുമോ എന്ന ആശങ്കയുണ്ട്. മെറ്റല്‍ ഡിറ്റക്ടറും സി.സി.ടി.വി. ക്യാമറയും മാറ്റിയെങ്കിലും ഇവിടെ അത്യാധുനിക സുരക്ഷാസംവിധാനം സ്വീകരിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പുതിയ സുരക്ഷാനടപടികളൊന്നും അംഗീകരിക്കില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് പറഞ്ഞു.