ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചു. പരാമര്‍ശം പിന്‍വലിച്ച് ട്രംപ് മാപ്പുപറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

യു.എസ്. പ്രസിഡന്റിന്റെ പരാമര്‍ശം അമ്പരപ്പിക്കുന്നതും വംശീയ-പരദേശി വിദ്വേഷം നിറഞ്ഞതുമാണെന്ന് ട്രംപിന്റെ പ്രസ്താവനയെ വിലയിരുത്തുന്നതിന് വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. പ്രസിഡന്റിന്റെ പ്രസ്താവനയെ അപലപിച്ച എല്ലാ അമേരിക്കന്‍ പൗരന്മാര്‍ക്കും നന്ദി അറിയിക്കുന്നതായി നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. 54 ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. നാലു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

കുടിയേറ്റ പരിഷ്‌കരണം സംബന്ധിച്ച് യു.എസ്. സെനറ്റിലെയും കോണ്‍ഗ്രസിലെയും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് വിവാദപരാമര്‍ശം നടത്തിയത്. ഹെയ്തി, എല്‍ സാല്‍വദോര്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ട്രംപിന്റെ പരാമര്‍ശം. നോര്‍വേ പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കുന്നതിനു പകരം വൃത്തികെട്ട രാജ്യങ്ങളില്‍നിന്നുള്ളവരെ യു.എസ്. എന്തിന് സ്വാഗതം ചെയ്യണമെന്നായിരുന്നു ട്രംപിന്റെ മറുചോദ്യം.