ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താനിലെ സമാധാനസ്ഥാപനത്തിനായി ഭീകരസംഘടനയായ താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ ഖത്തറിൽ വീണ്ടും ചർച്ച തുടങ്ങി. ജനുവരിയിൽ തുടങ്ങിയ ചർച്ച ദിവസങ്ങൾക്കുള്ളിൽ നിലച്ചുപോയിരുന്നു. പാകിസ്താന്റെ നയതന്ത്ര ഇടപെടലിന്റെകൂടി ഫലമായാണ് തിങ്കളാഴ്ച ചർച്ച പുനരാരംഭിച്ചത്.

താലിബാൻ വക്താവ് ഡോ. മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചർച്ചയിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന് ഇരുഭാഗവും ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. ഇവയോരോന്നും ചർച്ചചെയ്ത് തീരുമാനത്തിലെത്തുകയെന്നതാണ് ഇനിയുള്ളത്.

അനുദിനം കനക്കുന്ന ആക്രമണങ്ങൾ കുറച്ചുകൊണ്ടുവന്ന് വെടിനിർത്തലിലെത്തിക്കണം എന്നതിനാണ് അഫ്ഗാനിസ്താനും അമേരിക്കയും പാശ്ചാത്യരാജ്യങ്ങളുടെ സൈനികസഖ്യമായ നേറ്റോയും മുൻഗണന നൽകുന്നത്. ഇക്കാര്യം ചർച്ച ചെയ്യാവുന്നതാണെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഉടനൊരു വെടിനിർത്തലിനെ എതിർക്കുകയാണ് അവർ.

2500 അമേരിക്കൻ സൈനികരുൾപ്പെടെ നേറ്റോയുടെ 10,000 പട്ടാളക്കാർ ഇപ്പോഴും അഫ്ഗാനിസ്താനിലുണ്ട്. അമേരിക്കൻ സൈനികരെ തിരിച്ചുവിളിക്കുക എന്ന ഉദ്ദേശ്യത്തോടെ ട്രംപ് സർക്കാർ 2020 ഫെബ്രുവരിയിൽ താലിബാനുമായി സമാധാനക്കരാർ ഒപ്പിട്ടിരുന്നു. കരാർപ്രകാരം സൈന്യത്തെ പിൻവലിക്കാനുള്ള അവസാനതീയതി മേയ് ഒന്നാണ്. ആക്രമണം അവസാനിപ്പിക്കുക, മറ്റു ഭീകരസംഘടനകളെ അഫ്ഗാനിസ്താനിൽനിന്നു തുരത്തുക തുടങ്ങിയ കരാർ വ്യവസ്ഥകൾ താലിബാൻ പാലിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ സൈനികരെ പിൻവലിക്കുന്ന തീയതി നീട്ടാൻ അമേരിക്ക ആലോചിക്കുന്നുണ്ട്. തീയതി നീട്ടാനുള്ള ശ്രമങ്ങളെ താലിബാൻ എതിർത്തിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടായിവരുന്നെന്ന വിവരങ്ങൾക്കിടെയാണ് ഖത്തറിൽ സമാധാനചർച്ച പുനരാരംഭിച്ചിരിക്കുന്നത്. അഫ്ഗാനിസ്താൻ സർക്കാരുമായി സമാധാനചർച്ച നടത്തണമെന്നതും ട്രംപുണ്ടാക്കിയ കരാറിലെ വ്യവസ്ഥയാണ്.

Content Highlights: Afghanistan peace talks resume