കാബൂൾ: അഫ്ഗാനിസ്താനിലെ കിഴക്കൻ പ്രവിശ്യയിൽ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ചയുണ്ടായ ചാവേറാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഖോസ്ത് പ്രവിശ്യയിലെ ഇസ്മായിൽ ഖേൽ ജില്ലയിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാൻ സൈനികാസ്ഥാനത്തിനുള്ളിലെ പള്ളിയാണിത്.
കൊല്ലപ്പെട്ടവരിലേറെയും സൈനികോദ്യോഗസ്ഥരാണെന്ന് ഖോസ്തിലെ സൈനിക വക്താവ് ക്യാപ്റ്റൻ അബ്ദുള്ള പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മൂന്നുദിവസം മുമ്പ് കാബൂളിൽ നബിദിനാഘോഷത്തിനിടെ നടന്ന ചാവേറാക്രമണത്തിൽ 55 മതപണ്ഡിതർ കൊല്ലപ്പെട്ടിരുന്നു.