അബുദാബി: അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തിനായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കാത്തിരുന്നത് ഒരുദിവസം മുഴുവന്‍. ഐ.എക്‌സ്.538 നമ്പര്‍ വിമാനം വൈകിയത് 27 മണിക്കൂര്‍. ഒരുദിവസം മുഴുവന്‍ നീണ്ട ദുരിതപര്‍വം താണ്ടിയാണ് യാത്രക്കാര്‍ ഒടുവില്‍ പറന്നത്. 30-ന് രാത്രി 9.10-ന് 156 ആളുകളുമായി യാത്രതിരിക്കേണ്ട വിമാനമാണ് വൈകിയത്.
 
രണ്ടുവയസ്സുമുതല്‍ പ്രായമുള്ള കുട്ടികളും സ്ത്രീകളുമാണ് വിമാനത്താവളത്തില്‍ ഏറെ ദുരിതമനുഭവിച്ചത്. വിശന്നുകരഞ്ഞ കുട്ടികള്‍ക്ക് ആവശ്യമായ ബേബിഫുഡ് ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്​പ്രസ് അധികൃതര്‍ തയ്യാറായിരുന്നില്ല. ബര്‍ഗറും ഏതെങ്കിലും ഒരു പാനീയവും ഒരുനേരം നല്‍കാന്‍ മാത്രമേ അനുവാദമുള്ളൂ എന്നാണ് അറിയിച്ചത്. വിശന്നുവാടിയ കുഞ്ഞുങ്ങളുമായിരിക്കുന്ന അമ്മമാര്‍ ദയനീയമായ കാഴ്ചയായി. ഒടുവില്‍ അബുദാബി വിമാനത്താവളവകുപ്പ് മേധാവികള്‍ എത്തിയാണ് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. വെറും തറയില്‍ ക്ഷീണിച്ചുറങ്ങുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പുതപ്പുകള്‍ നല്‍കാന്‍ പോലും എയര്‍ ഇന്ത്യ എക്‌സ്​പ്രസ് അധികൃതര്‍ തയ്യാറായില്ല.
 
 9.10-ന് പോകേണ്ട വിമാനം രാത്രി 11.55-നുമാത്രമേ പുറപ്പെടുകയുള്ളൂവെന്ന് കമ്പനി ആദ്യം യാത്രക്കാര്‍ക്ക് വിവരം നല്‍കിയിരുന്നു. ഇത് കണക്കാക്കിയെത്തിയ യാത്രക്കാരാണ് പിന്നീട് ഒരറിയിപ്പുമില്ലാതെ വിമാനം വൈകിയതുകൊണ്ട് ബുദ്ധിമുട്ടിലായത്.

യാത്രക്കാരെ വിമാനത്തിനുള്ളില്‍ കയറ്റിയെങ്കിലും പുലര്‍ച്ചെ ഒന്നരവരെ വിമാനത്തില്‍ തന്നെ ഇരിക്കേണ്ടിവന്നു. സാങ്കേതിക തകരാറാണ് കാരണമായി ആദ്യം അറിയിച്ചത്. പിന്നീട് അധികൃതരില്‍നിന്ന് ഒരു അറിയിപ്പും യാത്രക്കാര്‍ക്ക് ലഭിച്ചില്ല. ശനിയാഴ്ച രാവിലെ ആയിട്ടും യാത്ര ആരംഭിക്കാത്തതിനാല്‍ യാത്രക്കാര്‍ പരാതിയുമായി ചെന്നെങ്കിലും അധികാരികളില്‍നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. യാത്രക്കാരെ പുറത്തുള്ള ഹോട്ടലിലേക്ക് മാറ്റാന്‍ കമ്പനി തയ്യാറായെങ്കിലും വിസകഴിഞ്ഞ് മടങ്ങുന്നവരും വിസിറ്റ് വിസയില്‍ വന്നവരുമായി നാല്പതോളം യാത്രക്കാര്‍ വേറെയുമുണ്ടായിരുന്നു. ഇവര്‍ക്ക് പുറത്ത് ഹോട്ടലിലേക്ക് പോകാന്‍ അനുവാദം ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിലെ ലോബിയില്‍ത്തന്നെ കഴിയാനാണ് കിട്ടിയ നിര്‍ദേശം. ഇതില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നുവെന്ന് യാത്രികരില്‍ ഒരാളായ മനോജ് കുമാര്‍ മനോഹരന്‍ പറഞ്ഞു. ഇവര്‍ക്ക് ഭക്ഷണമോ ആവശ്യമായ മറ്റ് സൗകര്യങ്ങളോ നല്‍കുന്നതിലും കമ്പനി വിമുഖത കാണിച്ചു. ഒടുവില്‍ യാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഒരു ചെറിയ ബര്‍ഗറും ജ്യൂസും രാവിലെയും ഉച്ചയ്ക്കും നല്‍കി. വൈകീട്ടും ഇതുമാത്രമാണ് ഭക്ഷണമായി ലഭിച്ചത്. ജോലിമതിയാക്കിയും വിസ കഴിഞ്ഞും മറ്റും പോകുന്ന യാത്രക്കാരുടെ കൈയില്‍ ആവശ്യത്തിന് പണം ഇല്ലാതിരുന്നതിനാല്‍ ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു പലരും. യാത്രികര്‍ പരസ്​പരം സഹായിച്ചതിനാല്‍ മാത്രമാണ് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ലഭിച്ചത്.

 ഒടുവില്‍ ശനിയാഴ്ച 9.10ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ ഈ 156 ആളുകളെയും കയറ്റിവിട്ടതിനുശേഷംമാത്രമേ ശനിയാഴ്ച ബുക്ക് ചെയ്തവര്‍ക്ക് യാത്രാനുമതി നല്‍കുകയുള്ളൂവെന്ന ഉറപ്പ് വിമാനത്താവളത്തിലെ പോലീസ് മേധാവിയില്‍നിന്ന് രാത്രി എട്ടരയ്ക്ക് ലഭിച്ചതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.