അബുദാബി: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം സംഭാവന നൽകുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയാണ് അഞ്ചാം സ്ഥാനത്ത്.

ഹാറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പട്ടിക പുറത്തിറക്കിയത്. 2017 ഒക്ടോബർ ഒന്നിനും 2018 സെപ്റ്റംബർ 30-നും ഇടയിൽ പത്തുകോടി രൂപയിലധികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചവരാണ് പട്ടികയിലിടം നേടിയത്. മുകേഷ് അംബാനി 437 കോടി രൂപയാണ് സംഭാവനയായി നൽകിയത്. 200 കോടി സംഭാവന നൽകിയ അജയ് പിരാമലാണ് രണ്ടാം സ്ഥാനത്ത്. ആദ്യ പത്തിൽ ഇടം നേടിയ ഒരേയൊരു മലയാളികൂടിയായ യൂസഫലി അൻപത് കോടിയിലധികം രൂപയാണ് നൽകിയത്.

പ്രളയം നാശംവിതച്ച കേരളത്തിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക നൽകിയത്. ലത്തൂർ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഭൂകമ്പം നാശം വിതച്ചപ്പോഴും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും പ്രളയമുണ്ടായപ്പോഴും സഹായഹസ്തവുമായി യൂസഫലിയുണ്ടായിരുന്നു. യു.എ.ഇ.യിലെ കഷ്ടതയനുഭവിക്കുന്ന ഇന്ത്യൻസമൂഹത്തിന് സഹായവുമായി അദ്ദേഹം മുൻനിരയിലുണ്ടാവാറുണ്ടെന്ന് ഹാറൂൺ എം.ഡി.യും ചീഫ് റിസർച്ചറുമായ സൈദ് അനസ് റഹ്‌മാൻ ജുനൈദ് പറഞ്ഞു.