അബുദാബി: ശുദ്ധജലപദ്ധതിയുടെ ഭാഗമായി അന്റാർട്ടിക്കയിൽനിന്നുള്ള മഞ്ഞുമല യു.എ.ഇ.യിലെത്തിക്കുന്നു. ഇതിന്റെഭാഗമായി നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിന്റെ പുതിയ വെബ്‌സൈറ്റും പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഓരോ ഘട്ടവും ജനങ്ങൾക്ക് അറിയാനുള്ള സംവിധാനമാണ് വെബ്‌സൈറ്റിൽ ഒരുക്കിയിരിക്കുന്നത്.

യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശതാബ്ദിയായ ഇക്കൊല്ലം ‘സായിദ് വർഷാചരണ’ത്തോടനുബന്ധിച്ച് പുറത്തിറക്കിയ വെബ്‌സൈറ്റിൽ ശുദ്ധജലദൗർലഭ്യമനുഭവിക്കുന്ന രാജ്യങ്ങളിലെ ജീവിതം, വരൾച്ച തടയാനുള്ള മാർഗങ്ങൾ എന്നിവയെല്ലാം വിശദമാക്കുന്നുണ്ട്. യു.എ.ഇ.യിലേക്കുള്ള ഭാവി ശുദ്ധജലമാർഗമെന്നോണമാണ് അന്റാർട്ടിക്കയിൽനിന്നുള്ള വലിയ ഹിമപാളികൾ കടൽമാർഗം കൊണ്ടുവരുന്ന പദ്ധതി കണക്കാക്കപ്പെടുന്നത്.

മഞ്ഞുപാളികൾ യു.എ.ഇ. തീരത്തെത്തുന്നതുവരെ അലിഞ്ഞുപോകാതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും. ഈ വർഷം അവസാനത്തോടെ പദ്ധതിയെക്കുറിച്ചും അതിന്റെ സംവിധാനത്തെക്കുറിച്ചും വിശദമാക്കും. 5060 ദശലക്ഷം യു.എസ്. ഡോളർ(ഏതാണ്ട് 34,500 കോടി രൂപ) ആണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 2019 പകുതിയോടെ ആദ്യഘട്ടത്തിന് തുടക്കമാവും.