Abu Dhabiഅബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഭാഗ്യം തുടരുന്നു.

ഇത്തവണ ഒന്നാം സമ്മാനമായ 70 ലക്ഷം ദിര്‍ഹം (12.40 കോടി രൂപ) നേടിയത് തിരുവനന്തപുരം വെട്ടുകാട് സ്വദേശി തന്‍സിലാസ് ബിബിയന്‍ ബാബു ആണ്. 030202 എന്ന നമ്പറുള്ള ടിക്കറ്റിലാണ് ബാബുവിനെത്തേടി ഭാഗ്യമെത്തിയത്.

വിവരമറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നുമായിരുന്നു പ്രതികരണം. 26 വര്‍ഷമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ജോലി ചെയ്യുകയാണ് 59-കാരനായ തന്‍സിലാസ് ബാബു. ഇതിന് മുന്‍പ് ഒട്ടേറെ തവണ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറേ തവണകളായി ബിഗ് ടിക്കറ്റ് സമ്മാനം തേടിവരുന്നത് ഇന്ത്യക്കാരെയാണ്. ഇത്തവണ ബിഗ് ടിക്കറ്റില്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ ആറ് നറുക്കും ഇന്ത്യക്കാര്‍ക്ക് തന്നെയാണ്. ജോര്‍ജ് രസ്മിന്‍, രവി ചൗഹാന്‍, ജിജു ജയപ്രകാശ്, പള്ളിക്കര വസുരജന്‍, പാട്രിക്ക് മൈക്കല്‍ തുടങ്ങിയവര്‍ ഈ ഭാഗ്യശാലികളില്‍ ഉള്‍പ്പെടും. ഒരു നറുക്ക് ബഹ്‌റൈന്‍ സ്വദേശിക്കാണ്.