ബാരിഷ(സിറിയ): ഇസ്‍ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കാന്‍ യു.എസ്. പ്രത്യേക കമാന്‍ഡോകള്‍ നടത്തിയ ഓപ്പറേഷന്റെ നടുക്കത്തിലാണ് സമീപത്ത് താമസിക്കുന്നവര്‍. രാത്രിയോടെയാണ് യു.എസ്. കമാന്‍ഡോവിഭാഗം ഓപ്പറേഷന്‍ ആരംഭിച്ചത്. ‘വിദേശ ഭാഷ സംസാരിക്കുന്ന സൈനികരെ’ വീടിനുസമീപത്ത് കണ്ടതായി പ്രദേശവാസിയായ അബു അഹമ്മദ് പറഞ്ഞു.
അദ്ദേഹത്തിന്റെ അയൽവീടിന് നേരെയായിരുന്നു ആക്രമണം. അയൽവീട്ടുകാര്‍ ആരെന്ന് അറിയില്ലായിരുന്നു. കാണുമ്പോള്‍ ആശംസകള്‍ കൈമാറുകയല്ലാതെ മറ്റൊന്നും ബാഗ്ദാദി സംസാരിച്ചിരുന്നില്ല. രാവിലെ വീട്ടില്‍നിന്ന് പോയാല്‍ രാത്രിയാണ് എത്തുക. അലേപോ പ്രവിശ്യയിലെ വ്യാപാരിയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. സംസാരിക്കാന്‍ ശ്രമിക്കുമ്പോൾ ഒഴിഞ്ഞുമാറും -അബു അഹമ്മദ് പറഞ്ഞു.
ആക്രമണശബ്ദം കേട്ടാണ് സ്ഥലത്ത് ആളുകൂടിയത്. ഹെലികോപ്റ്ററിൽ വീടും പുറത്തുണ്ടായിരുന്ന കാറും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ടു. മൃതദേങ്ങള്‍ വീട്ടിനുള്ളിലും കാറിലും കണ്ടതായി അയൽവാസിയായ അബേല്‍ ഹമീദ് പറഞ്ഞു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് സമീപത്ത് രഹസ്യമായി താമസിച്ചത് ബാഗ്ദാദിയാണെന്ന് അറിയുന്നത്. ഹയാത്ത് തഹ്രില്‍ അല്‍-ഷാം എന്ന വിഭാഗത്തിന്റെ കീഴിലാണ് ആക്രമണം നടന്ന ഇദ്‌ലിബ് എന്ന പ്രദേശം.