കാബൂൾ: വടക്കുകിഴക്കൻ പഞ്ച്ശീറിൽ 600 താലിബാനികളെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് താലിബാൻവിരുദ്ധ പ്രതിരോധസേന (വടക്കൻ സഖ്യം). ശനിയാഴ്ച പുലർച്ചെയ്ക്കുശേഷമുണ്ടായ ഏറ്റുമുട്ടലിൽ ആയിരത്തിലേറെ താലിബാനികളെ തടവിലാക്കുകയോ അവർ സ്വയംകീഴടങ്ങുകയോ ചെയ്തെന്ന് അവകാശപ്പെട്ട വടക്കൻസഖ്യം ഏറ്റുമുട്ടൽ തുടരുകയാണെന്നും അറിയിച്ചു.

അഫ്ഗാനിസ്താനിലെ മറ്റുപ്രവിശ്യകളിൽനിന്ന് താലിബാന് സഹായം ലഭിക്കുന്നില്ലെന്ന് സേനാവക്താവ് ഫാഹിം ദാഷ്തി പറഞ്ഞു.

പ്രവിശ്യാ തലസ്ഥാനമായ ബാസരാക്കിലേക്കും ഗവർണറുടെ വസതിയിലേക്കുമുള്ള റോഡുകളിൽ കുഴിബോംബുകൾ സ്ഥാപിച്ചത് മുന്നേറ്റത്തിന്റെ വേഗം കുറച്ചെന്ന് താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് ‘അൽജസീറ’ റിപ്പോർട്ടുചെയ്തു.

യുദ്ധസമാനമായ സാഹചര്യമാണ് പ്രവിശ്യയിലുള്ളത്. അനാബ, ശുതുൽ, രുഹ്ക ബാസരക്, ദാര ജില്ലകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. പരിയാൻ ജില്ലയിൽ പോരാട്ടം തുടരുന്നു. പ്രവിശ്യയിലെ ബാക്കി ജില്ലകൾ ഇപ്പോഴും പുറത്താക്കപ്പെട്ട പ്രതിരോധസേനയുടെ നിയന്ത്രണത്തിലാണ്. അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള സേനയ്ക്കൊപ്പം അഫ്ഗാൻ മുൻ വൈസ്‌ പ്രസിഡൻറ്് അമറുല്ല സലേയും സംഘവുമുണ്ട്.

പരിക്കേറ്റുവീണാൽ വധിച്ചേക്കുക -സലേ

പഞ്ച്ശീർ: താലിബാനുമായുള്ള ഏറ്റുമുട്ടലിൽ കീഴടങ്ങില്ലെന്നും ഏറ്റുമുട്ടലിൽ പരിക്കേറ്റുവീണാൽ തന്നെ വെടിവെച്ചുകൊല്ലാൻ അംഗരക്ഷകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രതിരോധസേനാ നേതാവ് അമറുല്ല സലേ. ഒരിക്കലും താലിബാനുമുന്നിൽ കീഴടങ്ങാൻ താൻ ആഗ്രഹിക്കുന്നില്ല. താലിബാൻ പിടിച്ചെടുത്ത അവസാനനിമിഷങ്ങളിൽ രാജ്യം വിട്ടവർ ജന്മനാടിനെ ഒറ്റിക്കൊടുത്തവരാണെന്നും മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ നേരിട്ടുപരാമർശിക്കാതെ ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി മെയിലിൽ എഴുതിയ ലേഖനത്തിൽ സലേ പറഞ്ഞു.

കാബൂൾ വിമാനത്താവളം തുറന്നു

കാബൂൾ: കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ആഭ്യന്തരവിമാനസർവീസുകൾ പുനരാരംഭിച്ചു. ഹെറാത്ത്, കാണ്ഡഹാർ, ബാൽക്ക് പ്രവിശ്യകളിലേക്കാണ് സർക്കാർ ഉടമസ്ഥതയിലുള്ള അരിയാന എയർലൈൻസിന്റെ വിമാനങ്ങൾ ശനിയാഴ്ച സർവീസ് നടത്തിയത്. കഴിഞ്ഞയാഴ്ച ഖത്തർ, തുർക്കി സാങ്കേതികവിദഗ്‌ധർ വിമാനത്താവളത്തിലെത്തി സർവീസ് പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.