കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാർ പ്രവിശ്യയിലെ താലിബാൻ ഒളിത്താവളങ്ങളിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 82 ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു അർഗാൻദാബ് ജില്ലയിൽ വ്യോമാക്രമണം. കൊല്ലപ്പെട്ടവരിൽ താലിബാന്റെ മുതിർന്ന കമാൻഡർ സർഹാദിയും ഉൾപ്പെടുന്നു. ഭീകരരുടെ ടാങ്കുകളും വാഹനങ്ങളും തകർത്തതായും പോലീസ് വക്താവ് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥർക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് അക്രമണം ശക്തമാക്കുമെന്ന് സൈന്യം വ്യക്തമാക്കി. ഒരുകാലത്ത് താലിബാന്റെ ശക്തികേന്ദ്രമായിരുന്നു കാണ്ഡഹാർ പ്രവിശ്യ. അക്രമത്തെക്കുറിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച ഫാര്യാബ്, ബംഗ്‌ലാൻ പ്രവിശ്യകളിൽ 35 താലിബാൻ ഭീകരർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Content Highlights: 82 Taliban militants killed in Afghanistan