വാഷിങ്ടൺ: രണ്ടു ഡോസുകളും സ്വീകരിച്ച് ആറു മാസത്തിനുശേഷം ഫൈസർ കോവിഡ് വാക്സിന്റെ പ്രതിരോധശേഷി 80 ശതമാനം നഷ്ടപ്പെടുന്നതായി പഠനം. യു.എസിലെ കേസ് വെസ്റ്റേൺ റിസർവ്, ബ്രൗൺ സർവകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്.

120 നഴ്സിങ് ഹോം അന്തേവാസികളുടെയും 93 ആരോഗ്യപ്രവർത്തകരുടെയും രക്ത സാംപിളുകളാണ് ഗവേഷണങ്ങളുടെ ഭാഗമായി പരിശോധിച്ചത്.

ആന്റിബോഡികൾ സൃഷ്ടിക്കുന്ന പ്രതിരോധത്തിന്റെ അളവാണ് പരീക്ഷണത്തിലൂടെ വിശകലനം ചെയ്തത്. ഇതിൽ ആന്റിബോഡികളുടെ അളവ് ആറു മാസത്തിനുശേഷം 80 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

പ്രായമുള്ളവർക്ക് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാനുള്ള അധികൃതരുടെ ശുപാർശയെ ശരിവെക്കുന്നതാണ് പഠനമെന്ന് കേസ് വെസ്റ്റേൺ റിസർവ് സർവകലാശാലയിലെ പ്രൊഫസറായ ഡേവിഡ് കാനഡേ പറഞ്ഞു.

ഇതുവരെയും കോവിഡ് ബാധയുണ്ടാകാത്ത മുതിർന്നവരിൽ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ആന്റിബോഡികളുെട എണ്ണത്തിൽ കുറവുണ്ടായതായി സംഘം നേരത്തേ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു.