ന്യൂയോർക്ക്: 2050-ഓടെ കാർബൺ ഡയോക്സൈഡ് ബഹിർഗമനം പൂർണമായി ഇല്ലാതാക്കുമെന്ന് 66 രാജ്യങ്ങൾ തീരുമാനമെടുത്തതായി ഐക്യരാഷ്ട്രസഭ. തിങ്കളാഴ്ച നടന്ന കാലാവസ്ഥാ ഉച്ചകോടിയിലാണ് യു.എൻ. ഇക്കാര്യമറിയിച്ചത്.

“2050-ഓടെ കാർബൺ ന്യൂട്രാലിറ്റി (അംഗാര സന്തുലിതാവസ്ഥ) നേടുമെന്ന് വാക്കുതന്നിട്ടുള്ള 10 മേഖലകൾക്കും 102 നഗരങ്ങൾക്കും 93 വ്യവസായങ്ങൾക്കും 12 നിക്ഷേപകർക്കുമൊപ്പം 66 രാജ്യങ്ങൾ കൂടി ചേരുകയാണ്. കാലാവസ്ഥാ വ്യതിയാനം അതിദുരന്തമായ പ്രത്യാഘാതമുണ്ടാക്കും. പ്രകൃതി കോപിച്ചിരിക്കുകയാണ്. ലോകമെങ്ങും അത് കോപത്തോടെ തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ ജീവിതരീതി അടിയന്തരമായി മാറ്റാൻ തയ്യാറായില്ലെങ്കിൽ, നമ്മുടെ ജീവിതംതന്നെ അട്ടിമറിക്കപ്പെടും. പ്രപഞ്ചത്തെ സംരക്ഷിക്കുന്നതിൽ നമ്മുടെ തലമുറ പരാജയപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ സംരക്ഷണമെന്നത് നമ്മൾ തോറ്റുകൊണ്ടിരിക്കുന്ന മത്സരമാണ്. എന്നാൽ നമ്മളതിൽ വിജയിച്ചേ തീരൂ”- യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യം നേടാൻ ഇരുപതോളം രാജ്യങ്ങൾ മാത്രമാണ് യു.എന്നിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പാരീസ് ഉടമ്പടിയെ തിരിച്ചടികളിൽനിന്നും പുനരുജ്ജീവിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഉച്ചകോടിയിൽ 60-ലേറെ ലോകരാജ്യങ്ങളുടെ നേതാക്കളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ, മാർഷൽ ദ്വീപുകളുടെ പ്രസിഡന്റ് ഹിൽഡ ഹെയ്ൻ, ജർമൻ ചാൻസലർ ആംഗേല മെർക്കൽ തുടങ്ങിയവരും പങ്കെടുത്തു. ബ്രസീൽ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുത്തില്ല. ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് യു.എസ്. നേരത്തേ അറിയിച്ചെങ്കിലും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപ്രതീക്ഷിതമായി ഉച്ചകോടിയിലെത്തി.

ആമസോൺ കാടുകളിൽ വൻതോതിൽ തീ പടർന്ന സംഭവത്തെത്തുടർന്നാണ് യു.എന്നിൽ കാലാവസ്ഥാ അടിയന്തര ഉച്ചകോടി ചേരുന്നത്.

ഉച്ചകോടിയിലേക്ക് മാർപാപ്പയുടെ സന്ദേശം

കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് ലോകനേതാക്കളുടെ ശ്രദ്ധയെത്തിച്ചതിൽ നന്ദിയുണ്ടെന്ന് ഉച്ചകോടിയിലേക്കയച്ച കത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. നമ്മളിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്നും 2015-ലെ പാരീസ് ഉടമ്പടിയിലൂടെ കാലാവസ്ഥാ വ്യതിയാനം പിടിച്ചുനിർത്താനുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് അന്താരാഷ്ട്രസമൂഹത്തിന് തിരിച്ചറിവുണ്ടായെന്നും മാർപാപ്പ കത്തിൽ പറഞ്ഞു.

content highlights: 66 countries vow carbon neutrality by 2050 says UN