കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ കടൽത്തീരത്ത് വംശനാശഭീഷണി നേരിടുന്ന 63 ആഫ്രിക്കൻ പെൻഗ്വിനുകളെ ചത്തനിലയിൽ കണ്ടെത്തി. തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. ദക്ഷിണ ആഫ്രിക്കൻ ഫൗണ്ടേഷൻ ഫോർ കൺസർവേഷൻ ഓഫ് കോസ്റ്റൽ ബേഡ്സ് ആണ് വിവരം പുറത്തുവിട്ടത്. കേപ്ടൗണിന് സമീപമുള്ള സൈമൺസ് ടൗണിലാണ് സംരക്ഷിതവിഭാഗത്തിൽപ്പെട്ട പെൻഗ്വിനുകളെ ചത്തനിലയിൽ കണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൻഗ്വിനുകളുടെ കണ്ണുകൾക്ക് ചുറ്റും തേനീച്ചക്കുത്തേറ്റതിന്റെ പാടുകളുണ്ടെന്ന് മൃഗഡോക്ടർ ഡേവിഡ് റോബർട്ട്‌സ് പറഞ്ഞു. ചത്ത തേനീച്ചകളെയും പരിസരത്തുനിന്ന് കണ്ടെത്തി. സംഭവം വളരെ അപൂർവമാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ദക്ഷിണാഫ്രിക്കൻ തീരങ്ങളിലും ദ്വീപുകളിലും കാണുന്ന, വംശനാശം നേരിടുന്ന ആഫ്രിക്കൻ പെൻഗ്വിനുകളെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വേഴ്‌സിന്റെ ചുവപ്പുപട്ടികയിൽ പെടുത്തിയിട്ടുണ്ട്.