ന്യൂയോർക്ക്: ജോലിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം ഈ വർഷം ഇരട്ടിയായി. ലോകത്ത് ഈ വർഷം ഇതുവരെ 53 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (സി.പി.ജെ.) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 14 വരെയുള്ള കണക്കാണിത്.

ചെയ്ത ജോലിയുമായി ബന്ധപ്പെട്ട പകവീട്ടലിൽ ഈവർഷം 34 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം ആകെ 47 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ പകവീട്ടലിന്റെ ഭാഗമായി കൊല്ലപ്പെട്ടത് 18 പേരായിരുന്നു.

അഫ്ഗാനിസ്താനാണ് മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം. 13 പേർ ഈ വർഷം ഇവിടെ കൊല്ലപ്പെട്ടു. സിറിയയിൽ ഒമ്പതും ഇന്ത്യയിൽ അഞ്ചുപേരും കൊല്ലപ്പെട്ടു.

2018-ൽ കൊല്ലപ്പെട്ടതിൽ മൂന്നുപേർ വനിതകളാണ്. കഴിഞ്ഞവർഷം എട്ട് വനിതകൾ കൊല്ലപ്പെട്ടു. അഞ്ച് മാധ്യമപ്രവർത്തകർ വിദേശത്തുവെച്ച് കൊല്ലപ്പെട്ടു. കൊളംബിയയിൽ വെച്ച് എക്വഡോറിൽനിന്നുള്ള രണ്ട് മാധ്യമപ്രവർത്തകരും മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽവെച്ച് മൂന്ന് റഷ്യക്കാരും കൊല്ലപ്പെട്ടു.

മാധ്യമപ്രവർത്തകരെ വധിച്ചകേസുകളിൽ 53 ശതമാനത്തിലും പ്രതിസ്ഥാനത്തുള്ളത് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റാണ്. ടെലിവിഷൻരംഗത്ത് പ്രവർത്തിക്കുന്നവരാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നതെന്നും അതിൽ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് കൂടുതൽ ഇരയാകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വർഷം കൊല്ലപ്പെട്ടവരിൽ 62 ശതമാനം പേരും രാഷ്ട്രീയ ബീറ്റ് കൈകാര്യം ചെയ്യുന്നവരാണ്.

Content Highlights: 53 journalists killed in 2018