ടോക്യോ: രണ്ട് യു.എസ്. യുദ്ധവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് ജപ്പാന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് പസഫിക് സമുദ്രത്തിൽ വീണു. വിമാനങ്ങളിലുണ്ടായിരുന്ന ഏഴുപേരിൽ രണ്ടുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. അഞ്ചുപേർക്കായി തിരച്ചിൽ തുടരുകയാണ്.

എഫ്/എ-18, കെ.സി.-130 എന്നീ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പ്രാദേശികസമയം രാത്രി രണ്ടിന് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കൽ പരിശീലനത്തിനിടെയായിരുന്നു അപകടം. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹിരോഷിമയ്ക്കടുത്തുള്ള ഇവാകുനിയിലെ അമേരിക്കയുടെ താവളത്തിൽനിന്നാണ് വിമാനങ്ങൾ പറന്നുയർന്നത്.

ജപ്പാൻ-അമേരിക്കൻ നാവിക സേനകൾ സംയുക്തമായാണ് കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്. ജപ്പാന്റെ ഒമ്പത് വിമാനങ്ങളും രണ്ട്‌ കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി ജപ്പാൻ പ്രതിരോധമന്ത്രി തകേഷി ഇവായ പറഞ്ഞു. എഫ്/എ-18 വിമാനത്തിൽ രണ്ടും കെ.സി 130 വിമാനത്തിൽ അഞ്ചും സൈനികരാണ് ഉണ്ടായിരുന്നത്. അപകടംനടന്ന് നാലുമണിക്കൂറിനുശേഷമാണ് ഒരാളെ രക്ഷപ്പെടുത്തിയത്.

50,000-ത്തിലധികം യു.എസ്.സൈനികരാണ് ജപ്പാനിലുള്ളത്. അതിൽ 18,000 പേർ മറൈൻ കോറിലാണ്. കഴിഞ്ഞ മാസവും അമേരിക്കയുടെ എഫ്/എ-18 യുദ്ധവിമാനം ജപ്പാൻ തീരത്ത് തകർന്നുവീണിരുന്നു. അന്ന് രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തി. കഴിഞ്ഞ ഡിസംബറിൽ ഒരു യു.എസ്. ഹെലികോപ്ടർ ഒകിനാവയിൽ സ്കൂളിനുമുകളിലും തകർന്നുവീണിരുന്നു.