ഗിസാ (ഈജിപ്ത്): ഈജിപ്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിനുപിന്നാലെ പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ 40 ഭീകരർ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച രാത്രി ഗിസാ മേഖലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് വിയറ്റ്നാം പൗരന്മാരും ഈജിപ്ഷ്യൻ ഗൈഡുമുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഹരാം ജില്ലയിലെ മാരിയുഷിയാ തെരുവിൽ ഗിസാ പിരമിഡുകൾക്ക് സമീപമായിരുന്നു സ്ഫോടനം. റോഡരികിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന 11 വിയറ്റ്നാം പൗരന്മാർക്കും ഈജിപ്ത് സ്വദേശി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തിന് പിന്നാലെ പോലീസ് ഗിസാ, വടക്കൻ സിനായ് നഗരങ്ങളിൽ ശക്തമായ പ്രത്യാക്രമണം നടത്തി. ശനിയാഴ്ച പുലർച്ചെവരെ 40 ഭീകരരെ വധിച്ചുവെന്ന് ഈജിപ്ത് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഗിസായിൽ 30 പേരെയും വടക്കൻ സിനായി പ്രവിശ്യാ തലസ്ഥാനമായ എൽ-ആരിഷിൽ 10 പേരെയുമാണ് വധിച്ചത്.

ഈജിപ്തിലെ വിനോദകേന്ദ്രങ്ങളെയും ക്രിസ്ത്യൻ പള്ളികളെയും സർക്കാർ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഒരു സംഘം ഭീകരർ പദ്ധതിയിട്ടിരുന്നതായും മന്ത്രാലയം പറഞ്ഞു. പരിശോധനയിൽ ഭീകരകേന്ദ്രങ്ങളിൽനിന്ന് ബോംബുണ്ടാക്കാനുള്ള വസ്തുക്കളും ആയുധശേഖരങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് രാജ്യത്തെങ്ങും സുരക്ഷ വർധിപ്പിച്ചു.

അതേസമയം, വെള്ളിയാഴ്ച ആക്രമണത്തിനിരയായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസിന്റെ വഴി നേരത്തേ നിശ്ചയിച്ചതിൽ നിന്ന് മാറ്റിയിരുന്നുവെന്നും ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മാഡ്ബൗലി പറഞ്ഞു.

2017-ന് ശേഷം ആദ്യമായാണ് വിനോദസഞ്ചാരികൾ ഈജിപ്തിൽ ആക്രമിക്കപ്പെടുന്നത്. 2017 ജൂലായിൽ രണ്ട് ജർമൻ വിനോദസഞ്ചാരികൾ ഭീകരനെന്ന് സംശയിക്കുന്നയാളുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. 2015 ഒക്ടോബറിൽ റഷ്യൻ യാത്രാവിമാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 224 പേരും കൊല്ലപ്പെട്ടു.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു ഈജിപ്ത്. എന്നാൽ, 2011-ൽ അറബ് വസന്തത്തിന് ശേഷം അവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ വൻകുറവാണുണ്ടായത്.