ദുഷാൻബെ: താജിക്കിസ്താൻ ജയിലിൽ തടവിലുള്ള ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ കലാപത്തിൽ 32 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ദുഷാൻബെയിൽനിന്ന് 17 കിലോമീറ്റർ അകലെ വഖ്ഡത് നഗരത്തിലെ ജയിലിൽ ഞായറാഴ്ചയാണ് സംഘർഷമുണ്ടായത്.

കത്തിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് കലാപകാരികൾ സഹതടവുകാരെയും ജയിൽസുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥരെയും അഞ്ച് സഹതടവുകാരെയും ഭീകരർ കൊലപ്പെടുത്തി. ഇവരെ ആക്രമിച്ചശേഷം ഭീകരർ മറ്റുതടവുകാരെ ബന്ദികളാക്കുകയും ജയിൽ ആശുപത്രിക്കെട്ടിടത്തിന് തീയിടുകയുംചെയ്തു.

ഏറ്റുമുട്ടലിൽ 24 ഭീകരരെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ജയിൽ സാധാരണനിലയിലേക്ക് തിരിച്ചെത്തിയെന്നും താജിക്കിസ്താൻ നിയമമന്ത്രാലയം അറിയിച്ചു. 1500 തടവുകാരാണ് ജയിലിലുള്ളത്.

കൊല്ലപ്പെട്ടവരിൽ ഇസ്‍ലാമിക് റിനൈസൻസ് പാർട്ടി ഓഫ് താജിക്കിസ്താന്റെ രണ്ടുമുതിർന്ന അംഗങ്ങളുമുൾപ്പെടുന്നു. ഐ.എസിൽചേർന്ന, താജിക്കിസ്താൻ പ്രത്യേകസേനയുടെ മുൻ മേധാവി ഗുൽമുറോദ് ഖാലിമോവിന്റെ മകൻ ബെഖ്റുസ് ഗുൽമുറോദാണ് കലാപത്തിന്റെ സൂത്രധാരനെന്ന് അധികൃതർ പറഞ്ഞു.

Content Highlights: 32 killed in Tajik prison riot; IS held responsible