ദുബായ്: യു.എ.ഇ.യിൽ വെള്ളിയാഴ്ച 283 പേരിൽ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് മരണവുമുണ്ടായി. 283 പേരാണ് പുതുതായി രോഗമുക്തരായത്. ഇതോടെ യു.എ.ഇ.യിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 60,506 ആയി. 53,909 പേർ രോഗവിമുക്തരുമായിട്ടുണ്ട്. യു.എ.ഇ.യിൽ കോവിഡ് കാരണം ഇതുവരെ മരിച്ചവരുടെ എണ്ണം 351 ആണ്.

സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കാരണം 24 പേർ മരിച്ചപ്പോൾ 1,686 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 4460 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സൗദിയിൽ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 2.76 ലക്ഷമായി. ഇപ്പോൾ 37,381 പേരാണ് രോഗം കാരണം ചികിത്സയിലുള്ളത്. ഇതിൽ 2033 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ മരിച്ചു. 428 പേർക്കുകൂടി കോവിഡ് കണ്ടെത്തി. 2,920 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ഇത്രയും പേരിൽ പുതുതായി രോഗം കണ്ടെത്തിയത്. 602 പേരാണ് പുതുതായി കുവൈത്തിൽ രോഗ വിമുക്തരായത്. മൊത്തം കോവിഡ് മരണം 447 ആയി ഉയർന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 296 പേർ സ്വദേശികളാണ്.