കാബൂൾ: അഫ്‌ഗാനിസ്താൻ ജയിലുകളിൽ കഴിയുന്ന 400 താലിബാൻ തടവുകാരെ വിട്ടയക്കില്ലെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി. ബക്രീദിനോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധനചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയ്ത കുറ്റങ്ങൾക്കുള്ള ശിക്ഷ 400 താലിബാൻകാർക്ക് ലഭിച്ചെന്നും അവരോട് ക്ഷമിക്കാനുള്ള അവകാശം തനിക്കില്ലെന്നും വിട്ടയക്കുന്ന കാര്യത്തിൽ ലോയ ജിർഗ കൗൺസിൽ തീരുമാനമെടുക്കുമെന്നും ഗനി പറഞ്ഞു. കൗൺസിൽയോഗം പിന്നീടുചേരുമെന്നും ഗനി അറിയിച്ചു.

പ്രസ്താവനയ്ക്കെതിരേ താലിബാൻ രംഗത്തെത്തി. താലിബാൻ സമാധാനത്തിനുള്ള വഴിയൊരുക്കുമ്പോൾ സമാധാനത്തിന്റെയും അന്തർദേശീയ ചർച്ചകളുടെയും വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാനാണ് പ്രസിഡൻറ് ശ്രമിക്കുന്നതെന്ന് താലിബാൻ രാഷ്ട്രീയവക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.

ബക്രീദിന്റെ ഭാഗമായി താലിബാൻ മൂന്നുദിവസത്തെ വെടിനിർത്തൽക്കരാർ പ്രഖ്യാപിച്ചിരുന്നു.

സമാധാനചർച്ചകളുടെ ഭാഗമായി സൈനികരും ഉദ്യോഗസ്ഥരും അടങ്ങുന്ന 1000 പേരെ വിട്ടയച്ചെന്നും താലിബാൻതടവുകാർക്കായി സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഷഹീൻ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. അഫ്‌ഗാനിൽ വർഷങ്ങളായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന് അന്ത്യംകുറിക്കാനുള്ള യു.എസ്. ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഗനിയുടെ പ്രതികരണം.