ദുബായ്: ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള പ്രത്യേക വിമാനസർവീസുകൾ പുനരാരംഭിച്ചു. യു.എ.ഇ.യുടെ പ്രത്യേക വെബ്‌സൈറ്റിൽ അപേക്ഷനൽകി അനുമതി കിട്ടിയവർക്ക് മാത്രമാണ് യാത്രചെയ്യാൻ അവസരം.

ഇന്ത്യൻ നഗരങ്ങളിൽനിന്ന് യു.എ.ഇ.യിലേക്കുള്ള പ്രത്യേക വിമാന സർവീസുകളുടെ ആദ്യഘട്ടം കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. ഇതിന്റെ രണ്ടാംഘട്ടമാണ് ഇപ്പോൾ ആരംഭിച്ചത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. ഓഗസ്റ്റ് പതിനഞ്ച് വരെയാണ് രണ്ടാം ഘട്ടത്തിലെ വിമാന സർവീസുകൾ. ഐ.സി.എ., ജി.ഡി.എഫ്.ആർ.എ. എന്നിവയിൽ ഒന്നിന്റെ അനുമതിയുള്ള താമസ വിസക്കാർക്ക് മാത്രമാണ് യു.എ.ഇ.യിൽ ഇപ്പോൾ തിരിച്ചെത്താൻ കഴിയുക.

ഈ അനുമതിപത്രത്തിന്റെ കാലാവധി കഴിഞ്ഞവർ യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. വിമാന ടിക്കറ്റ് ബുക്ക് ചെയ്താൽ റദ്ദാക്കാനാകില്ല. അറിയിപ്പ് കിട്ടിയാൽമാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളൂ. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പുള്ള കോവിഡ് പി.സി.ആർ. പരിശോധനാഫലവും കരുതണം. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അബുദാബി, ഷാർജ എന്നിവിടങ്ങളിലെത്താൻ കോവിഡ് പരിശോധനാഫലം വേണ്ടാ. ഓഗസ്റ്റ് ഒന്നുമുതൽ ദുബായിലും കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് ഫലം ആവശ്യമില്ല. അതേസമയം, ഗൾഫ് നാടുകളിൽനിന്ന് ഇന്ത്യയിലേക്ക് ആളുകളെ തിരികെ എത്തിക്കുന്ന വന്ദേഭാരത് മിഷൻ ദൗത്യം തുടരും. ഇതുവരെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ട് ലക്ഷത്തോളം പ്രവാസികൾ ഇന്ത്യയിൽ തിരിച്ചെത്തിയതായാണ് കണക്ക്.