ദുബായ്: യു.എ.ഇ.യുടെ സുവർണ ജൂബിലി ആഘോഷത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വ്യാഴാഴ്ചയാണ് രാജ്യത്തിന്റെ 50-ാമത് ദേശീയദിനം. എല്ലാ എമിറേറ്റുകളും ദിവസങ്ങൾക്കുമുൻപുതന്നെ ആഘോഷം കേമമാക്കാൻ ഒരുക്കം തുടങ്ങിയിരുന്നു. യു.എ.ഇ.യുടെ ചതുർവർണ പതാകകളും വർണദീപങ്ങളും നഗരവീഥികളിൽ നിറഞ്ഞു. അലങ്കാരദീപങ്ങൾ ആഘോഷം കഴിഞ്ഞാലും 50 ദിവസംകൂടി നിലനിർത്തും.

കോവിഡ് മാനദണ്ഡങ്ങളോടെയാണ് രാജ്യത്ത് എല്ലാ ആഘോഷവും ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുയിടങ്ങളെല്ലാം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചിട്ടുണ്ട്. പരിപാടികളിൽ മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ പങ്കെടുക്കാവൂ. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് സാമൂഹിക അകലം നിർബന്ധമില്ല. പൊതുപരിപാടികളിൽ പങ്കെടുക്കാൻ 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാണ്. അൽ ഹൊസ്ൻ ആപ്പിൽ ഗ്രീൻ പാസും കാണിച്ചിരിക്കണം.

ആയിരക്കണക്കിന് ചെടികൾ ആഘോഷത്തോടനുബന്ധിച്ച് ദുബായിൽ പുതുതായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലും പാർക്കുകളിലും മറ്റുമായാണ് വിവിധ നിറങ്ങളിൽ പൂച്ചെടികൾ നിറഞ്ഞുനിൽക്കുന്നത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് രാജ്യത്ത് പ്രധാന അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ചകൂടി ചേർത്ത് നാല് ദിവസമാണ് അവധി. ദേശീയദിന അവധിദിനങ്ങളിൽ പാർക്കിങ്ങും ടോളും സൗജന്യമാണ്. എന്നാൽ, ബഹുനില കെട്ടിടങ്ങൾക്ക് സമീപം സൗജന്യ പാർക്കിങ് പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നവിധത്തിൽ വാഹനങ്ങൾ അലങ്കരിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

മാലിന്യം നിരത്തിലെറിയരുത്, കാൽനടക്കാർ ഫുട്പാത്തും സീബ്രാ ക്രോസും ഉപയോഗിക്കണം. വാഹനങ്ങളിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റരുത്, പൊതുയിടങ്ങളിൽ കുതിര, ഒട്ടകം എന്നിവയെ ഉപയോഗിക്കരുത്, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുന്ന അലങ്കാരങ്ങൾ പാടില്ല, അനുവദിക്കപ്പെട്ട സ്ഥലത്തുമാത്രമേ പാർക്കിങ് പാടൂള്ളൂ തുടങ്ങി ഒട്ടേെറ നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചു.