ബ്രിഡ്ജ്ടൗൺ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട സ്വാധീനത്തിൽനിന്ന് പുറത്തുകടന്ന് കരീബിയൻ ദ്വീപുരാഷ്ട്രമായ ബാർബഡോസ് ജനാധിപത്യംനേടി. രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് എലിസബത്ത് രാജ്ഞിയെ ഔദ്യോഗികമായി നീക്കിക്കൊണ്ട് ലോകത്തെ ഏറ്റവുംപുതിയ ജനാധിപത്യ രാജ്യമായിരിക്കുകയാണ് ബാർബഡോസ്. 17-ാം നൂറ്റാണ്ടോടെ ബ്രിട്ടന്റെ കോളനിയായ രാജ്യം 200 കൊല്ലത്തിലേറെ അടിമവ്യാപാരത്തിന്റെ കേന്ദ്രംകൂടിയായിരുന്നു.

തലസ്ഥാനമായ ബ്രിഡ്ജ്ടൗണിൽ നടന്ന ചടങ്ങിൽ ഡേം സാൻഡ്ര മേസൺ ജനാധിപത്യ ബാർബഡോസിന്റെ ആദ്യ പ്രസിഡന്റായി ചുമതലയേറ്റു. രാജ്യത്തിന്റെ 55-ാം സ്വാതന്ത്ര്യ വാർഷികത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബാർബഡോസുകാരിയും പ്രസിദ്ധ പോപ് ഗായികയുമായ റിഹാന്നയെ ദേശത്തിന്റെ വീരനായികയായി പ്രഖ്യാപിച്ചു. വെയിൽസ് രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ മൂത്തമകനുമായ ചാൾസും ചടങ്ങിൽ പങ്കെടുത്തു.

കരീബിയൻ ദ്വീപ് അനുഭവിക്കേണ്ടിവന്ന അടിമത്തമെന്ന ഭയാനകമായ ക്രൂരത ചാൾസ് ഏറ്റുപറഞ്ഞു. അവസാനമായി ബ്രിട്ടീഷ് രാജകുടുംബത്തിന് സല്യൂട്ട് നൽകിക്കൊണ്ട് ചടങ്ങിൽ റോയൽ സ്റ്റാൻഡേർഡ് പതാക താഴ്ത്തി. ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം തുടരണമെന്ന് ചാൾസ് ആവശ്യപ്പെട്ടു.

2018 മുതൽ രാജ്യത്തിന്റെ ഗവർണർ ജനറലാണ് മേസൺ. കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയായി മിയ മോട്ട്‌ലിയും ചുമതലയേറ്റു. കഴിഞ്ഞകൊല്ലം തന്നെ ജനാധിപത്യരാജ്യമാവാനുള്ള പദ്ധതി രാജ്യം പ്രഖ്യാപിച്ചിരുന്നു.

വ്യവസായിയും ശതകോടീശ്വരിയുമായ റിഹാന്നയെ 2018-ൽ ബാർബഡോസിന്റെ അംബാസഡറായി പ്രഖ്യാപിച്ചിരുന്നു.