ദുബായ്: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് വേൾഡ് എക്സ്‌പോയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്‌പോ 2020. ഉദ്ഘാടന മാമാങ്കം വ്യാഴാഴ്ച രാത്രി 7.30 മുതൽ നടക്കും.

ലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് ദുബായിലെ എക്സ്‌പോ നഗരിയിൽ നടക്കുക. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുൾപ്പെടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചടങ്ങിനെത്തും. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളുമുണ്ടാകും. ആയിരത്തോളം കലാകാരന്മാരെ അണിനിരത്തി അൽവാസൽ പ്ലാസയിലാണ് പരിപാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെലിവിഷൻ ചാനലുകളിലൂടെയും എക്സ്‌പോ ടി.വി.യിലൂടെയും ചടങ്ങ് വീക്ഷിക്കാം.

ആറുമാസം നീണ്ടുനിൽക്കുന്ന മഹാമേളയിൽ രണ്ടരക്കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ 2020-ൽ നടക്കേണ്ടിയിരുന്ന എക്സ്‌പോയാണ് ഈ വർഷം നടക്കുന്നത്.