കൊളംബോ: കന്നുകാലികളെ കശാപ്പുചെയ്യുന്നത് നിരോധിക്കുന്നതു സംബന്ധിച്ച നിർദേശത്തിന് ശ്രീലങ്കൻ കാബിനറ്റിന്റെ അംഗീകാരം. എന്നാൽ, ബീഫ് കഴിക്കുന്നതിന് നിരോധനമില്ല. കഴിക്കാനാഗ്രഹിക്കുന്നവർക്കാർക്കായി കുറഞ്ഞ വിലയിൽ ബീഫ് ഇറക്കുമതി ചെയ്യുമെന്നും കാബിനറ്റ് വക്താവ് കെഹലിയ റംബുക്‌വെല്ല ചൊവ്വാഴ്ച അറിയിച്ചു. കശാപ്പുനിരോധനം വൈകാതെ നിയമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലികളെ കശാപ്പുചെയ്യുന്നത് നിരോധിക്കണമെന്ന പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ നിർദേശത്തിന് ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന(എസ്.എൽ.പി.പി.)യുടെ പാർലമെന്ററി സംഘം സെപ്റ്റംബർ എട്ടിന് അംഗീകാരം നൽകിയിരുന്നു.

കൃഷി അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്‌വ്യവസ്ഥയാണ് ശ്രീലങ്ക. കന്നുകാലികളെ വലിയതോതിൽ കശാപ്പുചെയ്യുന്നത് പരമ്പരാഗത കർഷകരെയും ക്ഷീരവ്യവസായ മേഖയെയും സാരമായി ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കശാപ്പുനിരോധനത്തിനുളള നിർദേശം. അതേസമയം, കൃഷിക്കായി ഉപയോഗിക്കാൻ സാധിക്കാത്ത പ്രായം ചെന്ന കന്നുകാലികളെ കശാപ്പുനിരോധനത്തിൽനിന്ന് ഒഴിവാക്കാനുള്ള ആലോചനകളും നടക്കുന്നതായി അധികൃതർ അറിയിച്ചു.