ന്യൂയോർക്ക്: ട്വിറ്ററിന്റെ നേതൃനിരയിൽനിന്ന് 16 കൊല്ലത്തിനുശേഷം ജാക്ക് ഡോഴ്സി പിന്മാറുന്നത് സമ്മർദത്തിനു വഴങ്ങിയാണ്. 45-കാരനായ ഡോഴ്സി സ്വന്തം ഡിജിറ്റൽ പണമിടപാടു സ്ഥാപനമായ സ്ക്വയറിന്റെയും ട്വിറ്ററിന്റെയും സി.ഇ.ഒ. ആയി ഒരേസമയം പ്രവർത്തിച്ചുവരുകയായിരുന്നു. ട്വിറ്ററിൽ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും സ്ക്വയറിന്റെ ചുമതലകൂടി വഹിക്കുന്നെന്നും ആരോപിച്ച് 2020 മുതൽ അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ട്വിറ്ററിന്റെ ഓഹരിയുടമയായ എലിയറ്റ് മാനേജ്മെന്റ് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞകൊല്ലംമുതലേ സ്ഥാനമൊഴിയാൻ ഡോഴ്സിയും തയ്യാറെടുക്കുകയായിരുന്നു. അതേസമയം, 2022 വരെ ട്വിറ്ററിന്റെ ബോർഡംഗമായി ഡോഴ്സി തുടരും. ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ. ആയി സ്ഥാനമേറ്റ പരാഗ് അഗ്രവാൾ നേരത്തേ എ.ടി. ആൻഡ് ടി., മൈക്രോസോഫ്റ്റ്, യാഹൂ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.