ദുബായ്: സാമൂഹിക സ്ഥിരത, സുരക്ഷ, അവകാശങ്ങൾ ഉറപ്പാക്കൽ തുടങ്ങി സാമ്പത്തിക, നിക്ഷേപ, വാണിജ്യ അവസരങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന വിപുലമായ നിയമപരിഷ്കാരത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. രാജ്യത്തിന്റെ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവുംവലിയ നിയമപരിഷ്കാരത്തെ പ്രതിനിധാനംചെയ്യുന്ന നാല്പതിലേറെ നിയമഭേദഗതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രിമിനൽ നിയമങ്ങൾ അടക്കമുള്ളവ അടുത്തവർഷം ജനുവരി രണ്ടോടെ പൂർണമായും നടപ്പാക്കും.

ഫെഡറൽ, പ്രാദേശിക തലങ്ങളിലെ 50 ഭരണ സംവിധാനങ്ങളിൽനിന്നുള്ള 540 വിദഗ്ധർ കഴിഞ്ഞ അഞ്ച് മാസം നീണ്ട പരിശ്രമങ്ങളിലൂടെയാണ് നിയമഭേദഗതികൾ തയ്യാറാക്കിയത്. നൂറിലധികം സ്വകാര്യസ്ഥാപനങ്ങളുമായും ഇവർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കുറ്റകൃത്യ ശിക്ഷാ നിയമത്തിലെ മാറ്റങ്ങളാണ് നിയമത്തിലെ പ്രധാന ഭേദഗതിയിലൊന്ന്.

പ്രധാന നിയമമാറ്റങ്ങൾ

* സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും മികച്ച സംരക്ഷണം ഉറപ്പാക്കും. ബലാത്സംഗത്തിനും സമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധത്തിനും ജീവപര്യന്തം ശിക്ഷ നൽകും. എന്നാൽ ഇതിന് ഇരയാക്കപ്പെടുന്നത് 18 വയസ്സിൽ താഴെയുള്ളവരോ ഭിന്നശേഷിക്കാരോ പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരോ ആണെങ്കിൽ വധശിക്ഷ വരെ ലഭിക്കും.

* അപമര്യാദയായി പെരുമാറുന്നവർക്ക് തടവുശിക്ഷയോ 10,000 ദിർഹത്തിൽ (ഏകദേശം രണ്ടുലക്ഷം രൂപ) കുറയാത്ത പിഴയോ ശിക്ഷയായി ലഭിക്കും. കുട്ടികളോ ഭിന്നശേഷിക്കാരോ ആണ് ആക്രമിക്കപ്പെടുന്നതെങ്കിൽ 10 വർഷം മുതൽ 25 വർഷം വരെയാണ് തടവുശിക്ഷ ലഭിക്കുക.

* വിവാഹേതര ബന്ധങ്ങളിൽ ഭർത്താവിന്റെയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കിൽ ക്രിമിനൽ കേസെടുക്കും. ആറുമാസത്തിൽ കുറയാത്ത ശിക്ഷയാണ് ലഭിക്കുക. പരാതി പിൻവലിച്ചാൽ ശിക്ഷയിൽനിന്ന് ഒഴിവാക്കും.

* വിവാഹേതര ബന്ധങ്ങൾ നിയമവിരുദ്ധമായി കണക്കാക്കില്ല. വിവാഹേതര ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾ അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണം. ഇത്തരം കുട്ടികൾക്ക് ആവശ്യമായ രേഖകൾ ഉണ്ടായിരിക്കണം.

* പൊതു സ്ഥലങ്ങളിലും ലൈസൻസില്ലാത്ത സ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതടക്കമുള്ള ഭേദഗതികളും ഏർപ്പെടുത്തും. 21 വയസ്സിൽ താഴെയുള്ള വ്യക്തിക്ക് മദ്യം വിൽപ്പന നടത്തുന്നതും മദ്യപിക്കാൻ പ്രേരിപ്പിക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്.

* ഡിജിറ്റൽ ഒപ്പുകൾക്ക് കൈയൊപ്പിന്റെ അതേപ്രാധാന്യം നൽകും. പ്രധാന ഇടപാടുകളായ നോട്ടറി, റിയൽ എസ്റ്റേറ്റ്, വാണിജ്യ ഇടപാടുകൾക്കെല്ലാം വ്യക്തികൾ ഹാജരാകേണ്ട ആവശ്യം ഒഴിവാകും.

* സൈബർ കുറ്റകൃത്യങ്ങൾ, വ്യാജവാർത്ത എന്നിവയെല്ലാം തടയാൻ നിയമം ശക്തമാക്കും. കൂടാതെ വ്യക്തിഗത ഡേറ്റാ സംരക്ഷണ നിയമവും നിർമിച്ചു.

* രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ മികച്ച സംവിധാനം ഒരുക്കും.