വാഷിങ്ടൺ: താലിബാൻ ഭീകരർ ‘സാധാരണ പൗരന്മാരാ’ണെന്നും സൈനിക സംഘടനയല്ലെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യു.എസിലെ പി.ബി.എസ്. ന്യൂസ് ഹവറിന് ചൊവ്വാഴ്ച രാത്രി നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

അഫ്ഗാനിൽനിന്നുള്ള 30 ലക്ഷത്തളം അഭയാർഥികൾക്ക് പാകിസ്താൻ അഭയം നൽകിയിട്ടുണ്ടെന്നും ഇതിലേറെയും താലിബാന്റെ ഗോത്രമായ പഷ്തൂൺ വിഭാഗത്തിൽ നിന്നുള്ളവരാണെന്നും ഇമ്രാൻ പറഞ്ഞു.

രാജ്യത്തിനകത്ത് ലക്ഷക്കണക്കിന് പഷ്തൂൺ അഭയാർഥികളുടെ സാന്നിധ്യമുള്ളപ്പോൾ ഭീകരരെ വേട്ടയാടാൻ എങ്ങനെയാണ് പാകിസ്താൻ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇമ്രാൻ.

ലക്ഷവും അഞ്ചുലക്ഷവും ആളുകൾ താമസിക്കുന്ന ക്യാമ്പുകളുണ്ട്. താലിബാൻകാർ സാധാരണ പൗരന്മാരാണ്, സൈന്യമല്ല. ഏതെങ്കിലും പൗരൻ ഇക്കൂട്ടത്തിലുണ്ടെങ്കിൽ പാകിസ്താനെങ്ങനെ ഇവരെ വേട്ടയാടാനാവുമെന്നും ഇമ്രാൻ വാദിച്ചു. പാകിസ്താൻ ഭീകരരുടെ സ്വർഗമാണെന്ന ആരോപണത്തോട് എവിടെയാണ് ഈ സ്വർഗം എന്നായിരുന്നു ഇമ്രാന്റെ പ്രതികരണം. താലിബാന് സാമ്പത്തിക, രഹസ്യവിവരങ്ങൾ നൽകി സഹായിക്കുന്നത് പാകിസ്താനാണെന്ന് ഏറെക്കാലമായി ആരോപണമുണ്ട്.

അതേസമയം, പാകിസ്താൻ സർക്കാർ താലിബാന്റെ വക്താവല്ലെന്നും അവർ ചെയ്യുന്ന അക്രമങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കാൻ രാജ്യത്തിനാവില്ലെന്നും അഫ്ഗാൻ മാധ്യമങ്ങൾക്കുനൽകിയ പ്രതികരണത്തിൽ ഇമ്രാൻ പറഞ്ഞു. അതേസമയം, അഫ്ഗാൻ ജനത ആരെ സ്വീകരിച്ചാലും പാക് സർക്കാർ അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.