ബെയ്ജിങ്: ചൈനയിലെ ഉയ്ഗുർ ന്യൂനപക്ഷക്കാരെ ജന്മദേശമായ ഷിൻഷിയാങ്ങിൽനിന്ന് രാജ്യത്തെ മറ്റിടങ്ങളിലേക്ക് പലായനംചെയ്യാൻ ഭരണകൂടം സമ്മർദംചെലുത്തുന്നതായി റിപ്പോർട്ട്. തൊഴിൽ വാഗ്ദാനംചെയ്യുന്ന കമ്പനികൾ മുഖേനയാണ് പ്രധാനമായും ഇവരെ മാറ്റുന്നതെന്ന് ഏറ്റവുംപുതിയ അന്വേഷണറിപ്പോർട്ടിൽ പറയുന്നു. ‘റേഡിയോ ഫ്രീ ഏഷ്യ’യാണ് (ആർ.എഫ്.എ.) സ്വതന്ത്രാന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ രണ്ടായിരത്തോളം ഉയ്ഗുറുകളെ കരാറടിസ്ഥാനത്തിൽ ജോലിക്ക് നിയമിച്ചുവെന്നാണ് ഒരു തൊഴിൽസ്ഥാപനം അവകാശപ്പെടുന്നത്. തൊഴിൽ നൽകിയ സ്ഥലങ്ങൾ പരിശോധിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണത്. ഷിൻഷിയാങ്ങിലെ കഷ്ഗറിൽനിന്ന് മൂവായിരത്തോളംപേരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിയമിച്ചിട്ടുണ്ടെന്നാണ് തൊഴിൽ സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയ്ഗുറുകൾക്കുനേരെ രാജ്യത്ത് കടുത്ത മനുഷ്യാവകാശലംഘനം നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണിത്.