കാണ്ഡഹാർ: അഫ്ഗാനിസ്താനിലെ കാണ്ഡഹാർ പ്രവിശ്യയിൽ ജനപ്രിയ ഹാസ്യതാരത്തെ താലിബാൻ അടിച്ച് കൊലപ്പെടുത്തിയതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന നാസർ മുഹമ്മദിനെയാണ് കൊലപ്പെടുത്തിയത്. ജൂലായ് 22-നാണ് നാസറിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കഴുത്തറത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. നാസറിനെ താലിബാൻ തട്ടിക്കൊണ്ടുപോകുന്നതിന്റെയും കാറിൽവെച്ചും മരത്തിൽ കെട്ടിയിട്ടും ക്രൂരമായി അടിക്കുന്നതിന്റെയും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ചൊവ്വാഴ്ച പുറത്തുവന്നിരുന്നു.

കുടുംബത്തോടൊപ്പം ബക്രീദ് ആഘോഷിക്കുന്നതിനിടെയാണ് തന്നെ പിടിച്ചുകൊണ്ടുവന്നതെന്ന് ദൃശ്യങ്ങളിൽ നാസർ പറയുന്നുണ്ട്. തൊട്ടുപിന്നാലെ നാസറിനെ അക്രമികൾ തുടർച്ചയായി അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

താലിബാനാണ് കൊലപാതകത്തിനുപിന്നിലെന്ന് നാസറിന്റെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ, താലിബാൻ ഇതു നിഷേധിച്ചു. മുന്പ് കാണ്ഡഹാർ പോലീസിൽ സേവനമനുഷ്ഠിച്ചിരുന്ന നാസർ സാമൂഹികമാധ്യമത്തിലെ ഹാസ്യഗാനങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.