വാഷിങ്ടൺ: ചൈനയുടെ പടിഞ്ഞാറൻ ഭാഗത്ത് പുതിയ ആണവ മിസൈൽ ഭൂഗർഭ സംഭരണ അറകളുടെ നിർമാണം നടക്കുന്നതായി യു.എസ്. ശാസ്ത്രജ്ഞർ. സിൻ‌ജിയാങ്‌ പ്രവിശ്യയിൽ‌നിന്നുള്ള ഉപഗ്രഹദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ‌ 110-ഓളം ആണവ മിസൈലുകൾ സംഭരിക്കാൻശേഷിയുള്ള ഭൂഗർഭ കവചിത അറകൾ നിർമിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പടിഞ്ഞാറൻ ചൈനയിൽ നിർമാണത്തിലിരിക്കുന്നതായി റിപ്പോർട്ടുചെയ്യപ്പെടുന്ന രണ്ടാമത്തെ ആണവമിസൈൽ സംഭരണ അറകളാണിത്.

യുമനിലെ മരുഭൂമിയിൽ 120 ആണവമിസൈൽ സംഭരണ അറകൾ യു.എസ്. നേരത്തേ കണ്ടെത്തിയിരുന്നു. യു.എസും റഷ്യയും ആയുധനിയന്ത്രണ ചർച്ചകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. ചൈന ഇതുവരെ ആയുധനിയന്ത്രണ ചർച്ചകളിൽ പങ്കെടുത്തിട്ടില്ല. ചൈനയുടെ നടപടിയിൽ യു.എസ്. പ്രതിരോധവകുപ്പ് ആശങ്കയറിയിച്ചു. യു.എസിൽ ഏകദേശം 3800 ആണവമിസൈൽ ഭൂഗർഭ സംഭരണ അറകൾ ഉണ്ടെന്നാണ് കണക്ക്.