ബെയ്ജിങ്: അഫ്ഗാനിസ്താനിൽ ആഭ്യന്തരപോരാട്ടം രൂക്ഷമാകുന്നതിനിടെ താലിബാൻ പ്രതിനിധിസംഘം രണ്ടുദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച ചൈനയിലെത്തി. താലിബാൻ ഉപതലവനും സഹസ്ഥാപകരിൽ ഒരാളുമായ മുല്ല ബരാദർ അഖുണ്ടിന്റെ നേതൃത്തിലുള്ള ഒമ്പതംഗ പ്രതിനിധിസംഘം വടക്കൻ നഗരമായ ടിയാൻജിനിലെത്തി ചൈനീസ് വിദേശമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി.

ചൈനയുടെ അഫ്ഗാനിസ്താൻ പ്രത്യേക പ്രതിനിധിയെയും സംഘം സന്ദർശിച്ചു. ‌അഫ്ഗാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും രാജ്യത്തെ പുനർനിർമിക്കുന്നതിലും താലിബാന് സുപ്രധാനപങ്കുണ്ടെന്ന് ചൈനീസ് വിദേശമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ചൈനയുടെ ഷിൻഷിയാങ് പ്രവിശ്യയിൽ സജീവമായ കിഴക്കൻ തുർക്കിസ്താൻ ഇസ്‌ലാമിക് ഭീകരസംഘടനകളെ താലിബാൻ അടിച്ചമർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.

ഇരുരാജ്യങ്ങളുടെയും സുരക്ഷ, രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങൾ, അഫ്ഗാനിസ്താനിലെ നിലവിലെ അവസ്ഥ, സമാധാനപ്രക്രിയ എന്നിവയിൽ ചർച്ചനടന്നതായി താലിബാൻ വക്താവ് മുഹമ്മദ് നയീം പ്രതികരിച്ചു. ചൈനീസ് അധികൃതരുടെ ക്ഷണം ലഭിച്ചതിനെത്തുടർന്നായിരുന്നു സന്ദർശനം. ചൈനയ്ക്കെതിരായ പ്രവർത്തനങ്ങൾക്ക് അഫ്ഗാൻറെ മണ്ണുപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പുനൽകിയതായും നയീം വ്യക്തമാക്കി.

അഫ്ഗാനിസ്താനുള്ള സഹായം തുടരുമെന്ന് ചൈനയും ഉറപ്പുനൽകി. ‘‘അഫ്ഗാന്റെ ആഭ്യന്തരപ്രശ്നങ്ങളിൽ ചൈന ഇടപെടില്ല. എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സഹായം നൽകും” -നയീം വ്യക്തമാക്കി.