കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം നൽകണമെന്ന പ്രവാസികളുടെ പ്രതിഷേധം ഫലംകാണുന്നു. കുവൈത്തിൽ കോവിഡ് ബാധയേറ്റ് മരിച്ച നിർധനരായ ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ ആശ്രിതർക്ക് ഒരുലക്ഷം രൂപയുടെ സഹായധനം അനുവദിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രഖ്യാപിച്ചു. 120 ദിനാറിൽ (29,702 രൂപ) കുറഞ്ഞ മാസശമ്പളമുള്ളവർക്കാണ് നിലവിലെ സാഹചര്യത്തിൽ സഹായം നൽകുക. ഇന്ത്യൻ എംബസിയിൽനടന്ന ഓപ്പൺ ഹൗസ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.

കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച പ്രവാസികളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നുവെന്ന പരാതികൾ ഉയരുന്നതിനിടയിലാണ് കുവൈത്ത് ഇന്ത്യൻ എംബസിയുടെ മാതൃകാപരമായ തീരുമാനം.

വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കണക്കെടുക്കുന്ന വിഷയത്തിൽ സർക്കാരിൽനിന്നുള്ള നിർദേശം കിട്ടാത്തതിനാൽ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു

ഗൾഫിലെ എംബസികളും നോർക്ക റൂട്‌സും. സാമൂഹികസാഹചര്യങ്ങൾമൂലം സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് അത്ര കൃത്യമായ പട്ടികയില്ലായിരുന്നു.

കുവൈത്തിൽ കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ മരിച്ച ഒട്ടേറെ വിദേശികളെ തിരിച്ചറിയൽനടപടികൾക്ക് മുമ്പുതന്നെ പ്രോട്ടോകോൾ പ്രകാരം കബറടക്കേണ്ടിവന്നിട്ടുണ്ട്. മൃതദേഹത്തിൽനിന്ന് ലഭിച്ച രേഖകൾ നോക്കി പിന്നീട് ആ മരണങ്ങൾ എംബസിയെ അറിയിക്കുകയാണ് ചെയ്തിരുന്നത്. ചില മരണങ്ങൾ കോവിഡ് മരണമായി രേഖപ്പെടുത്തിയിട്ടുമില്ല. കോവിഡ് അനുബന്ധമായ ന്യുമോണിയ, ഹൃദയാഘാതം തുടങ്ങിയവമൂലം മരിച്ചവരെയും കോവിഡ് പട്ടികയിൽപ്പെടുത്തേണ്ടതുണ്ട്. അതേസമയം, കോവിഡിൽ മരിച്ച മലയാളികളിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് യു.എ.ഇ.യിലെ കോവിഡ് പ്രതിരോധ പോരാളികൾ.