ജനീവ: കോവിഡ് രോഗത്തിന്റെ ഉദ്‌ഭവം തേടിയുള്ള അന്വേഷണം പുനരാരംഭിക്കാൻ ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പുതിയ തെളിവുകൾ കണ്ടെത്തുന്നതിനായി സംഘടന 20 ഗവേഷകരുെട സംഘം രൂപവത്‌കരിച്ചതായും റിപ്പോർട്ടുണ്ട്.

പ്രാഥമികാന്വേഷണത്തിൽ ചൈനീസ് ശാസ്ത്രജ്ഞർ നൽകിയ വിവരങ്ങൾ വൈറസിന്റെ ഉദ്‌ഭവത്തെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.

ലാബ് സുരക്ഷ, ജൈവ സുരക്ഷ എന്നിവയിൽ വിദഗ്ധരായ ജനിതക ശാസ്ത്രജ്ഞരാണ് സംഘത്തിൽ ഉൾപ്പെടുന്നത്. കോവിഡ് വൈറസ് ലാബിൽനിന്ന്‌ ചോർന്നതാണോ എന്നതടക്കമുള്ള കാര്യങ്ങൾ സംഘം പരിശോധിക്കും.

ഭാവിയിലെ വൈറസ് ഭീഷണികളെക്കുറിച്ചും മനുഷ്യന്റെ ഇടപെടലുകളും വൈറസുകളുമായുള്ള ബന്ധത്തെക്കുറിച്ചും സംഘം വിശദമായി അന്വേഷിക്കും. ആദ്യ കോവിഡ് ബാധിതരുടെ രക്തസാംപിളുകൾ അടക്കം പ്രാഥമികാന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ ഉപയോഗശൂന്യമാകുന്നത് തടയാൻകൂടിയാണ് നീക്കം.

നേരത്തേ വൈറസിന്റെ ഉദ്‌ഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഡബ്ല്യു.എച്ച്.ഒ. സംഘം ചൈനയിലെ വുഹാനിൽ എത്തി തെളിവുകൾ ശേഖരിച്ചിരുന്നു. എന്നാൽ, കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല.