കറാച്ചി: പാകിസ്താനിലെ ബലൂചിസ്താനിൽ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പ്രതിമ ബോംബാക്രമണത്തിൽ തകർന്നു. ഞായറാഴ്ച രാവിലെ പ്രവിശ്യയിലെ തുറമുഖനഗരമായ ഗ്വാദറിൽ പ്രതിമയുടെ താഴെസ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ പ്രതിമ പൂർണമായും തകർന്നു. കഴിഞ്ഞ ജൂണിലാണ് നഗരത്തിൽ പ്രതിമ സ്ഥാപിച്ചത്.

നിരോധിത ഭീകരസംഘടനയായ ബലൂച് റിപ്പബ്ലിക്കൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്. വിനോദസഞ്ചാരികളുടെ വേഷത്തിൽ പ്രദേശത്തുകടന്ന ഭീകരവാദികളാണ് പ്രതിമ തകർത്തതെന്ന് ഡെപ്യൂട്ടി കമ്മിഷണർ അബ്ദുൾ ഖാദിർഖാൻ പറഞ്ഞു.

പാകിസ്താൻ എന്ന ആശയത്തിനുനേരെയുള്ള ആക്രമണമാണ് നടന്നതെന്ന് ബലൂചിസ്താൻ മുൻ ആഭ്യന്തരമന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു. പ്രവിശ്യയിലെ സിയാറത് നഗരത്തിൽ ജിന്ന ഉപയോഗിച്ചിരുന്ന 121 വർഷം പഴക്കമുള്ള കെട്ടിടം 2013-ൽ ഭീകരർ തകർത്തിരുന്നു. ക്ഷയരോഗബാധിതനായ ജിന്ന തന്റെ അവസാനനാളുകൾ ചെലവഴിച്ച കെട്ടിടം പിന്നീട് ദേശീയ സ്മാരകമായി പാകിസ്താൻസർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.