ബെർലിൻ: ജർമനിയിൽ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം നടന്നതായി എക്സിറ്റ്പോൾ ഫലങ്ങൾ. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 78 ശതമാനം പോളിങ് നടന്നു. ജർമൻ ചാൻസലർ ആംഗേല മെർക്കലിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനും (സി.ഡി.യു.) ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയനും (സി.എസ്.യു.) അടങ്ങുന്ന സഖ്യത്തിന് എ.ആർ.ഡി. ചാനലിന്റെ എക്സിറ്റ്പോൾ നേരിയ മുൻതൂക്കം പ്രവചിച്ചു. എന്നാൽ മുഖ്യ എതിരാളികളായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമനിക്ക് (എസ്.പി.ഡി.) മുൻതൂക്കം ലഭിക്കുമെന്നാണ് സെഡ്.ഇ.എഫ് ചാനൽ പ്രവചിക്കുന്നത്. 730 അംഗ പാർലമെന്റിൽ 355 പേരുടെ പിന്തുണയാണ് വേണ്ടത്.

സി.ഡി.യു.-സി.എസ്.യു. സഖ്യത്തിന് 200 സീറ്റു ലഭിക്കുമെന്നാണ് എ.ആർ.ഡി. സർവേ പ്രവചിക്കുന്നത്. എസ്.പി.ഡി.ക്ക് 198 സീറ്റും ഗ്രീൻസ് പാർട്ടി 119 സീറ്റും ഫ്രീ ഡെമോക്രാറ്റിക് പാർട്ടി (എഫ്.ഡി.പി.) 87 സീറ്റും നേടുമെന്നാണ് പ്രവചനം

215 സീറ്റു നേടി എസ്.പി.ഡി. മുന്നിലെത്തുമെന്നാണ് സെഡ്.ഇ.എഫ്. പ്രവചിപ്പിക്കുന്നത്. സി.ഡി.യു.-സി.എസ്.യു. സഖ്യത്തിന് 198 സീറ്റും ഗ്രീൻസ് പാർട്ടിക്ക് 120 സീറ്റും എഫ്.ഡി.പി.ക്ക് 89 സീറ്റും ലഭിക്കുമെന്നും എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. സി.ഡി.യു.-സി.എസ്.യു. സഖ്യത്തിന്റെ സ്ഥാനാർഥിയായി മുൻ വൈസ് ചാൻസലറായ അർമിൻ ലാഷെയാണ് മത്സരിക്കുന്നത്. എസ്.പി.ഡി. സ്ഥാനാർഥിയായി ഒലഫ് സ്കോൾസുമാണ് മത്സരിക്കുന്നത്. സഖ്യസർക്കാർ രൂപവത്‌കരിക്കാൻ തയ്യാറാണെന്ന് എസ്.പി.ഡി. നേതാവ് ലാർസ് ക്ലിങ്ബൈൽ വ്യക്തമാക്കി.