ടൊറന്റോ: ഇന്ത്യൻ വംശജയായ അനിത ആനന്ദിനെ കാനഡയുടെ പ്രതിരോധമന്ത്രിയായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിയമിച്ചു. സൈനികോദ്യോഗസ്ഥന്റെ പേരിലുണ്ടായ ലൈംഗികാതിക്രമപരാതി കൈകാര്യംചെയ്തതിൽ കടുത്തവിമർശം ഏറ്റുവാങ്ങിയ ഇന്ത്യൻ വംശജനായ ഹർജിത് സജ്ജനുപകരമായാണ് നിയമനം. അന്താരാഷ്ട്ര വികസന ഏജൻസിയുടെ മന്ത്രിയായി സജ്ജനെ നിയമിച്ചിട്ടുണ്ട്. ഇതോടെ ട്രൂഡോ മന്ത്രിസഭയിലെ ഇന്ത്യൻ വംശജരുടെ എണ്ണം മൂന്നായി.

സെപ്റ്റംബറിൽനടന്ന തിരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലേബർ പാർട്ടി അധികാരം നിലനിർത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ ഓക്‌വില്ലിൽനിന്ന്‌ 46 ശതമാനം വോട്ടുേനടിയാണ് അനിത വിജയിച്ചത്. തമിഴ്നാട് സ്വദേശിയായ എസ്.വി. ആനന്ദാണ് അനിതയുടെ പിതാവ്. പഞ്ചാബിൽനിന്നുള്ള സരോജ ഡി. റാമാണ് മാതാവ്. ഡോക്ടർമാരായ ഇരുവരും കാനഡയിലേക്ക് കുടിയേറുകയായിരുന്നു.