വാഷിങ്ടൺ: യു.എസിൽ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിട്ടില്ല. ചൊവ്വാഴ്ച 69,634 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സെപ്റ്റംബർ അവസാനം ശരാശരി 1.5 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്ന സ്ഥാനത്താണിത്. രാജ്യത്തെ 56 ശതമാനത്തിലേറെ പേർ പൂർണമായും വാക്സിൻ ലഭിച്ചവരാണ്.

അതേസമയം, ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 24.54 കോടി കടന്നു. 49.82 ലക്ഷം പേർ രോഗബാധിതരായി മരിച്ചു. ചൊവ്വാഴ്ച 4,29,661 പേർക്ക് രോഗം സ്ഥിരീകരിച്ചു. 7590 പേർ മരിച്ചു.

യു.എസ്., ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ, റഷ്യ, തുർക്കി, ഫ്രാൻസ്, ഇറാൻ, അർജന്റീന, സ്പെയിൻ എന്നിവയാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ പത്തുസ്ഥാനങ്ങളിൽ.

ചൈനയിൽ രോഗികൾ കൂടുന്നു

ബെയ്ജിങ്: ചൈനയിൽ പത്തുദിവസം മുന്പ് ആരംഭിച്ച പുത്തൻ തരംഗത്തിൽ രോഗം ബാധിച്ചരുടെ എണ്ണം 250 ആയി. അന്താരാഷ്ട്ര അതിർത്തിയോടുചേർന്നുള്ള നഗരങ്ങളിൽ രോഗികളുടെ എണ്ണംകൂടുന്നുണ്ട്. ചൊവ്വാഴ്ചമാത്രം 50 കേസുകൾ റിപ്പോർട്ടുചെയ്തു. സെപ്റ്റംബർ 16-നുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. രാജ്യത്തെത്തിയ വിനോദസഞ്ചാരികളിലൂടെ ഡെൽറ്റ വകഭേദം വ്യാപിച്ചതാണ് ചൈനയിൽ വീണ്ടും രോഗവ്യാപനമുണ്ടാകാൻ കാരണമായത്.

ഓസ്‌ട്രേലിയയിൽ 18 വയസ്സിനുമുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്

സിഡ്നി: 18 വയസ്സിനുമുകളിലുള്ളവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഓസ്‌ട്രേലിയ അനുമതി നൽകി. നവംബർ എട്ടിനുമുമ്പായി ബൂസ്റ്റർ ഡോസിൻറെ വിതരണം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

ഫൈസർ, കോവിഷീൽഡ്, മൊഡേണ വാക്സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്കാകും അധിക ഡോസ് സ്വീകരിക്കാനാകുക. ഓസ്ട്രേലിയയിൽ 16 വയസ്സിനുമുകളിലുള്ള 74 ശതമാനം പേർക്കും വാക്സിൻറെ രണ്ടുഡോസുകളും ലഭിച്ചിട്ടുണ്ട്.