മസ്കറ്റ്: ഇന്ത്യയിൽ വിതരണംചെയ്യുന്ന കോവാക്സിന് ഒമാൻ അംഗീകാരം നൽകി. ഈ വാക്സിൻ സ്വീകരിച്ച താമസവിസയുള്ള പ്രവാസികൾക്ക് ഇനി ഒമാനിലേക്ക് മടങ്ങാം. ഇതാദ്യമായാണ് ഒരു ഗൾഫ് രാജ്യം കോവാക്സിന് അനുമതിനൽകുന്നത്. ഒമാൻ വ്യോമയാനവകുപ്പാണ് ഇതുസംബന്ധിച്ച അറിയിപ്പ്‌ പുറത്തിറക്കിയത്.

ഇന്ത്യയിൽനിന്ന് കോവാക്സിൻ സ്വീകരിച്ചശേഷം ഒമാനിലെത്തുന്നവർക്ക് ക്വാറന്റീൻ ഉണ്ടാകില്ല. കോവിഷീൽഡ് വാക്സിന് നേരത്തേത്തന്നെ അംഗീകാരമുണ്ട്. കോവാക്സിന് അംഗീകാരം വേണമെന്ന് കേന്ദ്രസർക്കാർ വിവിധ രാജ്യങ്ങളോട് ആവശ്യമുന്നയിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളെത്തുടർന്നാണ് ഒമാൻ ഇപ്പോൾ അനുമതി നൽകിയത്.

വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടവർക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്നാണ് നിലവിലെ ചട്ടം. ഇന്ത്യയിൽനിന്ന് കോവാക്സിൻ സ്വീകരിച്ച പതിനായിരക്കണക്കിന് പ്രവാസികൾക്ക് ഒമാനിലേക്ക് മടങ്ങാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.