ന്യൂയോർക്ക്: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുവാക്കൾ കൂടുതലായി വോട്ടു ചെയ്യുമെന്നും ഇത് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന്റെ വിജയസാധ്യത വർധിപ്പിക്കുന്നതാണെന്നും അഭിപ്രായസർവേഫലം. ഹാർവാഡ് സർവകലാശാല രാജ്യവ്യാപകമായി 18-നും 29-നും ഇടയിൽ പ്രായമുള്ളവരിലാണ് സർവേ നടത്തിയത്.

യുവാക്കൾക്ക് തിരഞ്ഞെടുപ്പിൽ താത്പര്യം വർധിച്ചതായും സർവേയിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും തീർച്ചയായും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്നും വ്യക്തമാക്കുന്നു.

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെക്കാൾ 24 പോയന്റുകൾക്ക്‌ ബൈഡൻ മുന്നിട്ടുനിൽക്കുന്നതായും സർവേയിൽ പറയുന്നു. ഏപ്രിലിനുശേഷം യുവാക്കൾക്കിടയിൽ ബൈഡന്റെ സ്വീകാര്യതയിൽ 12 പോയന്റുകളുടെ വർധനയുണ്ടായതായും സർവേ കണ്ടെത്തുന്നു.

സർവേയിൽ പങ്കെടുത്ത 63 ശതമാനം പേരും വോട്ടുചെയ്യുമെന്ന് ഉറപ്പുനൽകി. 2016-ൽ ഇത് 47 ശതമാനമായിരുന്നു. 1984-നുശേഷം 2008-ലാണ് (48.4 ശതമാനം) ഏറ്റവുംകൂടുതൽ യുവാക്കളുടെ പ്രാതിനിധ്യമുണ്ടായത്.

യുവാക്കളിൽ 63 ശതമാനവും ബൈഡൻ പ്രസിഡന്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു ശതമാനം ട്രംപിന്റെ വിജയം ഉറപ്പിക്കുമ്പോൾ 30 ശതമാനത്തിന് ഇക്കാര്യത്തിൽ ഉറപ്പില്ല.

ട്രംപ് അനുകൂലികളിൽ 74 ശതമാനം അദ്ദേഹത്തിന്റെ വിജയം പ്രതീക്ഷിക്കുമ്പോൾ ആറുശതമാനം ബൈഡൻ പ്രസിഡന്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരോഗ്യപരിപാലനം, മാനസികാരോഗ്യം, വംശീയത, സാമൂഹികനീതി ഉൾപ്പെടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിലെ പ്രതികരണം വോട്ടെടുപ്പിലൂടെ അറിയിക്കേണ്ടതിന്റെ ആവശ്യകത അമേരിക്കൻ യുവത്വം തിരിച്ചറിയുന്നതായി സർവേ തെളിയിക്കുന്നതായി ഹാർവാഡ് കെന്നഡി സ്കൂൾ ഡയറക്ടർ മാർക്ക് ഗിററൻ പറഞ്ഞു.