മഡ്രിഡ്: മഹാമാരിയിൽപ്പെട്ട് അന്താരാഷ്ട്ര വിനോദസഞ്ചാരം 2020-ലെ ആദ്യ എട്ടുമാസങ്ങളിൽ 70 ശതമാനം കുറഞ്ഞതായി ഐക്യരാഷ്ട്രസഭ ഉപസംഘടനയായ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (ഡബ്ല്യു.ടി.ഒ.). 2021 അവസാനത്തോടെ മാത്രമേ വിനോദസഞ്ചാരമേഖലയ്ക്ക് കരകയറാനാകൂവെന്നും ഡബ്ല്യു.ടി.ഒ. വ്യക്തമാക്കി.

ഉത്തരാർധഗോളത്തിൽ ജൂൺ, ജൂലായ് മാസങ്ങളിൽ വിനോദസഞ്ചാരമേഖലയിൽ 81 ശതമാനവും ഓഗസ്റ്റിൽ 79 ശതമാനവും ഇടിവാണുണ്ടായത്. ജനുവരിമുതൽ ഒാഗസ്റ്റുവരെയുള്ള മാസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 70 കോടി കുറവുണ്ടായത് 7300 കോടി ഡോളർ നഷ്ടമാണുണ്ടാക്കിയതെന്നും ഡബ്ല്യു.ടി.ഒ. വ്യക്തമാക്കുന്നു. 2009-ലെ സാമ്പത്തികമാന്ദ്യകാലത്തെക്കാളും എട്ടിലൊന്ന്‌ കുറവാണിതെന്നും ഡബ്ല്യു.ടി.ഒ. തലവൻ സുറാബ് പോലോലികാഷ്വിലി പറഞ്ഞു. ഏഷ്യ, ഏഷ്യ പസഫിക് മേഖലകളിൽ 79 ശതമാനവും ആഫ്രിക്കയിൽ 69 ശതമാനവും പശ്ചിമേഷ്യയിൽ 68 ശതമാനവും വിനോദസഞ്ചാരികൾ കുറഞ്ഞതായി ഡബ്ല്യു.ടി.ഒ. പറഞ്ഞു.