വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ സ്ഥാനാർഥിയും തികഞ്ഞ യാഥാസ്ഥിതികയുമായ ഏമി കോണി ബാരറ്റ് യു.എസ്. സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. 48-നെതിരേ 52 വോട്ടുകൾനേടിയാണ് സുപ്രീംകോടതിയിലെ 115-ാമത് ജഡ്ജിയായി 48-കാരിയായ ഏമി സ്ഥാനമേറ്റത്.

ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ്ഹൗസിലെ സൗത്ത് ലോണിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ക്ലാരൻസ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. അമേരിക്കയിലെ ഏറ്റവും മിടുക്കരായ നിയമപണ്ഡിതരിലൊരാളാണ് ഏമിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഒരു ജഡ്ജി കോൺഗ്രസിൽനിന്നും പ്രസിഡന്റിൽനിന്നും മാത്രമല്ല, തീരുമാനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുള്ള വ്യക്തി വിശ്വാസങ്ങളിൽനിന്നും അകന്നുനിൽക്കേണ്ടതായുണ്ടെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം ഏമി പറഞ്ഞു.

ഏമിയുടെ നിയമനത്തോടെ യാഥാസ്ഥിതികർക്ക് സുപ്രീംകോടതിയിൽ 6-3 ഭൂരിപക്ഷമാകുന്നത് എഫോഡബിൽ കെയർ ആക്ട് ഉൾപ്പെടെ വരാനിരിക്കുന്ന ഒട്ടേറെകാര്യങ്ങളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.