ബ്രസീലിയ: കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. വാക്സിനിൽ അവിശ്വാസം പ്രകടിപ്പിച്ചിരുന്ന ബൊൽസൊനാരോയുടെ ഏറ്റവും പുതിയ പ്രസ്താവനയാണിത്. “ഞാൻ വാക്സിൻ സ്വീകരിക്കാൻ പോകുന്നില്ല, അത് എന്റെ അവകാശമാണ്” -അദ്ദേഹം പറഞ്ഞു.
മുഖാവരണം ധരിക്കുന്നതിന്റെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം മുഖാവരണം ധരിക്കുന്നത് രോഗവ്യാപനത്തെ തടയുമെന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
വാക്സിൻ വ്യാപകമായി ലഭ്യമായാൽപ്പോലും ബ്രസീലുകാർക്ക് വാക്സിനേഷൻ ആവശ്യമില്ലെന്നു ബൊൽസൊനാരോ ആവർത്തിച്ചു. തൻറെ നായയ്ക്ക് മാത്രമേ വാക്സിനേഷൻ ആവശ്യമുള്ളൂവെന്ന് ഒക്ടോബറിൽ പ്രസിഡന്റ് ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീൽ. രോഗപ്രതിരോധത്തിനായി പ്രസിഡന്റ് സ്വീകരിച്ച നടപടികൾ ശക്തമായ വിമർശനത്തിന് കാരണമായിരുന്നു.