കാഠ്മണ്ഡു: നേപ്പാളിലെ ഗോർഖ ജില്ലയിൽ ഇന്ത്യൻ സഹായത്തോടെ പണി കഴിപ്പിച്ച മൂന്ന് സ്കൂളുകൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ള ഉദ്ഘാടനം ചെയ്തു. 9000 പേർ കൊല്ലപ്പെടുകയും 22,000 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2015-ലെ ഭൂകമ്പത്തിൽ തകർന്ന സ്കൂളുകളാണ് പുനർനിർമിച്ചത്.
നേപ്പാളിൽ 12 ജില്ലകളിലായി 70 സ്കൂളുകളും 150 ആരോഗ്യസംവിധാനങ്ങളും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് ശൃംഗ്‌ള നേപ്പാളിലെത്തിയത്.
വ്യാഴാഴ്ച പ്രധാനമന്ത്രി കെ.പി. ശർമ ഒലി, വിദേശകാര്യ സെക്രട്ടറി ഭാരത് രാജ് പൈഡയാൽ എന്നിവരുമായി അതിർത്തി തർക്കങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശൃംഗ്‌ള ചർച്ച നടത്തി.
വിദേശമന്ത്രി പ്രദീപ് ഗ്യാവാലി, പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി എന്നിവരെയും അദ്ദേഹം സന്ദർശിച്ചു. രണ്ടു രാജ്യങ്ങൾക്കും ഒരേ കാഴ്ചപ്പാടും നിലപാടുകളുമാണുള്ളതെന്ന് കൂടിക്കാഴ്ചകളിൽനിന്ന് വ്യക്തമായതായി ശൃംഗ്‌ള കൂട്ടിച്ചേർത്തു.