വാഷിങ്ടൺ: ഇന്ത്യയിൽ കാർഷിക നിയമങ്ങൾക്കെതിരേ പ്രക്ഷോഭം നടത്തുന്നവർക്ക് പിന്തുണയറിയിക്കാൻ യു.എസിൽ ഖലിസ്ഥാൻ വിഘടനവാദി സംഘടനാംഗങ്ങൾ ഒത്തുകൂടി. സിഖ് ഡി.എം.വി. യൂത്ത്, സംഗത് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വാഷിങ്ടണിലെ ഇന്ത്യൻ കാര്യാലയത്തിനുമുമ്പിലാണ് ചൊവ്വാഴ്ച പ്രകടനം നടന്നത്. ഖലിസ്ഥാൻ രാഷ്ട്രവാദികളായ ഇവർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഖലിസ്ഥാൻ പതാകയുയർത്തുകയും ചെയ്തു. ‘‘എല്ലാകൊല്ലവും ജനുവരി 26 ഞങ്ങൾ കരിദിനമായാണ് ആചരിക്കുന്നത്. എന്നാൽ, ഇക്കൊല്ലം ഞങ്ങൾ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. സിഖുകാരെ മാത്രമല്ല, രാജ്യത്തെ എല്ലാ വിശ്വാസത്തെയും പ്രതിനിധാനംചെയ്യുന്നവരാണവർ.’’ -പ്രതിഷേധക്കാരിലൊരാളായ നരേന്ദർ സിങ് പറഞ്ഞു.