ബെയ്ജിങ്/ന്യൂഡൽഹി: 59 ചൈനീസ് ആപ്പുകൾക്ക് സ്ഥിരവിലക്കേർപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം ലോക വ്യാപാരസംഘടനാ (ഡബ്ല്യു.ടി.ഒ.) ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ചൈന ആരോപിച്ചു. ഇത് ചൈനീസ് കമ്പനികളെ ബാധിക്കും. കഴിഞ്ഞകൊല്ലംമുതൽ ദേശസുരക്ഷയെ ആയുധമാക്കി ചൈനീസ് പശ്ചാത്തലമുള്ള ആപ്പുകൾ ഇന്ത്യ നിരോധിക്കുകയാണ്. ഇത് ഡബ്ല്യു.ടി.ഒ.യുടെ വിവേചനരഹിത തത്ത്വത്തിനെതിരും ആരോഗ്യകരമായ മത്സരം ഇല്ലാതാക്കുന്നതുമാണ്. വിവേചനനടപടി ഉടൻ അവസാനിപ്പിച്ച് ഇന്ത്യ തെറ്റുതിരുത്തണം. ഉഭയകക്ഷിബന്ധത്തെ കൂടുതൽ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് കാര്യാലയ വക്താവ് കൗൺസിലർ ജി റോങ് ആവശ്യപ്പെട്ടു. ടിക് ടോക്ക് അടക്കമുള്ള 59 ആപ്പുകൾക്ക് ഇന്ത്യ സ്ഥിരവിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണിത്.