സിഡ്നി: ഉള്ളടക്കം പങ്കുവെക്കുന്നതിന് പ്രാദേശിക മാധ്യമങ്ങൾക്ക് ഗൂഗിൾ പ്രതിഫലം നൽകണമെന്ന നിയമം ഓസ്ട്രേലിയൻ സർക്കാർ പാസാക്കാനിരിക്കെ രാജ്യത്ത് സ്വന്തം വാർത്താ പോർട്ടൽ ആരംഭിക്കാനുള്ള ചർച്ചകളുമായി ഗൂഗിൾ. കഴിഞ്ഞവർഷം ജൂണിൽ ഏഴ് പ്രാദേശിക സ്ഥാപനങ്ങളുമായി കൈകോർത്ത് ഓസ്ട്രേലിയയിൽ പോർട്ടൽ തുടങ്ങാൻ ഗൂഗിൾ പദ്ധതിയിട്ടിരുന്നു. പിന്നീടത് നീണ്ടുപോയി.
എന്നാലിപ്പോൾ ഇതുസംബന്ധിച്ച ചർച്ച കമ്പനി പുനരാരംഭിച്ചിരിക്കുകയാണ്. മാധ്യമങ്ങൾക്ക് പ്രതിഫലം നൽകുന്ന നിയമം പാസാക്കിയാൽ ഗൂഗിളിന്റെ രാജ്യത്തെ തിരച്ചിൽ സേവനം നിർത്തുമെന്ന് കമ്പനി നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിനെതിരേ പുതിയ ആയുധവുമായി കമ്പനി രംഗത്തെത്തിയത്.
ആഴ്ചകൾക്കുള്ളിൽ പോർട്ടൽ തുടങ്ങുമെന്നാണറിയുന്നത്. കഴിയുംവേഗം പോർട്ടൽ ആരംഭിക്കണമെന്ന കാര്യം ചർച്ചചെയ്യാനായി ഗൂഗിൾ തന്നെ സമീപിച്ചിതായി ദ കോൺവസേഷൻ വെബ്സൈറ്റ് എഡിറ്റർ മിഷ കെച്ചെൽ പറഞ്ഞു. ഗൂഗിൾ നേരത്തേ പോർട്ടൽ തുടങ്ങാൻ സമീപിച്ച ഏഴ് മാധ്യമങ്ങളിലൊന്നാണിത്.