കാബൂൾ: കാബൂൾ വിമാനത്താവളത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും സർവീസുകൾ പുനരാരംഭിക്കാൻ അന്താരാഷ്ട്ര വിമാനക്കമ്പനികൾ തയ്യാറാകണമെന്നും താലിബാൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തദ്ദേശീയ വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ വിമാനത്താവളം തയ്യാറാണെന്നും താലിബാൻ വക്താവ് അബ്ദുൾ ഖാഫർ ബാൽഖി പറഞ്ഞു.

അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചതോടെ ഒട്ടേറെ അഫ്ഗാൻ പൗരന്മാർ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ജോലിക്കും വിദ്യാഭ്യാസത്തിനുംവേണ്ടിയുള്ള യാത്രകളെ തടഞ്ഞതായും അദ്ദേഹം ചൂണ്ടികാട്ടി. നേരത്തേ താലിബാൻ അഫ്ഗാന്റെ നിയന്ത്രണമേറ്റെടുത്തതിനുപിന്നാലെയുണ്ടായ സംഘർഷങ്ങളിലാണ് വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചത്. പിന്നാലെ ഖത്തറിന്റെയും തുർക്കിയുടെയും സാങ്കേതിക സഹായത്തോടെ വിമാനത്താവളം വീണ്ടും പ്രവർത്തനത്തിന് സജ്ജമാകുകയായിരുന്നു.